തൊണ്ടിയിൽ സഹകരണ ബാങ്കിന്റെ പുതിയ ശാഖ പൂളക്കുറ്റിയിൽ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: തൊണ്ടിയിൽ സർവീസ്സഹകരണ ബാങ്കിന്റെ പൂളക്കുറ്റി ശാഖ പ്രവർത്തനം തുടങ്ങി. കോടികൾ നഷ്ടമുണ്ടാക്കിയതിനെ തുടർന്ന് പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ പൂളക്കുറ്റി സഹകരണ ബാങ്ക്, തൊണ്ടിയിൽ സഹകരണ ബാങ്കധികൃതർ ഏറ്റെടുത്താണ് പുതിയ ശാഖയാക്കി മാറ്റി പ്രവർത്തനം തുടങ്ങിയത്. പൂളക്കുറ്റി ബാങ്ക് മുൻ പ്രസിഡന്റ് കുടക്കച്ചിറ ജോർജ് ജോസഫിൽ നിന്ന് തൊണ്ടിയിൽ സർവീസ് അഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്ക് പൊട്ടങ്കൽ ആദ്യ നിക്ഷേപം സ്വീകരിച്ച് പുതിയ ശാഖയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ബാങ്ക് വൈസ്.പ്രസിഡന്റ് മോഹനൻ ഉമ്മൂട്ടിൽ, സെക്രട്ടറി ജോജോ ജോസഫ്, മറ്റു ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, പൂളക്കുറ്റി ബാങ്ക് നിക്ഷേപകരുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.  ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ആഘോഷങ്ങളില്ലാതെയാണ് ഉദ്ഘാടനം നടത്തിയത്. 

സഹകരണ വകുപ്പിന്റെ കീഴിൽ ഒരു സഹകരണ സംഘത്തെ മറ്റൊരു സഹകരണ സംഘത്തിന് ഏറ്റെടുക്കാൻ വ്യവസ്ഥകളുണ്ടെങ്കിലും ഒരു സഹകരണ ബാങ്ക് മറ്റൊരു സഹകരണ ബാങ്കിനെ നഷ്ടത്തിലായതിനെ തുടർന്ന് ഏറ്റെടുക്കുക എന്നുള്ള നടപടികൾ കേട്ടുകേൾവി ഇല്ലാത്തതും അപൂർവങ്ങളിൽ അപൂർവവുമാണ്. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇത്തരമൊരു ഏറ്റെടുക്കൽ നടപടി കേരളത്തിൽ നടന്നിട്ടില്ലെന്ന് തൊണ്ടിയിൽ സഹകരണ ബാങ്കധികൃതർ പറയുന്നു.

കോടികൾ നഷ്ടപ്പെടുമെന്ന നിക്ഷേപകരുടെ ആശങ്കകൾക്ക് വിരാമമിട്ടാണ് തൊണ്ടിയിൽ ബാങ്ക് പൂളക്കുറ്റി ബാങ്കിനെ ഏറ്റെടുത്തതും പുതിയ ശാഖയാക്കി പ്രവർത്തനം തുടങ്ങിയതും. പ്രസിഡന്റ് സണ്ണി സിറിയക്ക് പൊട്ടങ്കലിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പുതിയ തീരുമാനത്തിലൂടെ സംസ്ഥാനത്ത് തന്നെ ശ്രദ്ധയാകർഷിക്കുകയാണ്.

കരുവന്നൂരടക്കം മിക്ക സഹകരണ ബാങ്കുകളും നിക്ഷേപകരെ ദുരിതക്കയത്തിലാക്കുന്ന കാലത്ത് തന്നെയാണ് നിർധനരും കർഷകരുമായ മലയോരത്തെ നൂറുകണക്കിന് നിക്ഷേപകരെ ചേർത്ത് പിടിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് വേറിട്ടു നില്ക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!