അടിച്ചു പൂസായി കാലുറക്കാതെ വരന്‍, വിവാഹം മുടങ്ങി; വധുവിന് നഷ്ടപരിഹാരമായി ആറ് ലക്ഷം, പോലീസ് കേസും

Share our post

പത്തനംതിട്ട: വിവാഹ ചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികൾക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തിൽ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവിൽ വരൻ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മദ്യപിച്ച് ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിൻ്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

പത്തനംതിട്ട തടിയൂരിലാണ് വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്‌ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യൻ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങൾ.

തടിയൂർ സ്വദേശിയായ 32-കാരൻ്റെയും നാരങ്ങാനം സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങുകളാണ് തിങ്കളാഴ്‌ച ദേവാലയത്തിൽ നടക്കേണ്ടിയിരുന്നത്. ഏതാനുംദിവസം മുൻപാണ് 32-കാരൻ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹദിവസം കൃത്യസമയത്ത് തന്നെ വരൻ പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും പള്ളിയിലുണ്ടായിരുന്നു. എന്നാൽ, വിവാഹദിവസം അടിച്ചുപൂസായ വരനെ കണ്ടതോടെ രംഗം വഷളായി.

മദ്യപിച്ച് ലക്കുക്കെട്ടതിനാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തനിലയിലായിരുന്നു വരൻ. ഏതാനുംപേർ ചേർന്ന് വരനെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കാലുറയ്ക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ വിഷയം ഗുരുതരമായി. വധു വിവാഹത്തിന് സമ്മതമല്ലന്ന് വൈദികനെ അറിയിച്ചു. ഇത് വരനെ അറിയിച്ച വൈദികനോട് വരൻ മോശമായി സംസാരിച്ചതോടെ ഇരുകൂട്ടരുടേയും ബന്ധുകൾ തമ്മിൽ വാക്കേറ്റമായി. ഇതിനിടെ വരൻ്റെ അമ്മ ബോധരഹിതയായതിനെ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.

വരന്റെ പരാക്രമം കണ്ട് വധുവിൻ്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. പോലീസിനെയും ഇവർ വിവരമറിയിച്ചു. തുടർന്ന് കോയിപ്രം പോലീസ് സ്ഥലത്തെത്തി വരനുമായി സംസാരിച്ചെങ്കിലും ഇയാൾ മദ്യലഹരിയിൽ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പോലീസ് ആക്‌ട് പ്രകാരം കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!