പഴശ്ശി കനാൽ തുരങ്കത്തിലെ ചോർച്ച: നിർമാണത്തിലെ പിഴവെന്ന്‌ പ്രാഥമിക നിഗമനം

Share our post

മട്ടന്നൂർ : കാരയിൽ ചോർച്ചയുണ്ടായ പഴശ്ശി കനാൽ തുരങ്കം ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. രണ്ടുവർഷം മുൻപ് പുനർനിർമിച്ച തുരങ്കത്തിൽ ചോർച്ചയുണ്ടായത് നിർമാണത്തിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോർച്ച പരിഹരിക്കാൻ കരാറുകാരന് നിർദേശം നൽകി.

കനാൽ തുരങ്കത്തിൽ 14 ഇടങ്ങളിലാണ് ചോർച്ച കണ്ടത്. മുകളിലെ കനാലിലെ വെള്ളമാണ് തുരങ്കത്തിൻ്റെ ഭിത്തി ചോർന്ന് പുറത്തുവരുന്നത്. എറ്റവും മികച്ച രീതിയിൽ ആധുനികസംവിധാനങ്ങൾ ഉപയോഗിച്ച് ചോർച്ച പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ഒപ്പം തുരങ്കത്തിൻ്റെ മുകളിലുള്ള കനാൽ ലൈനിങ് ചെയ്‌ത്‌ വെള്ളം തുരങ്കത്തിലേക്ക് എത്തുന്നതും തടയും. രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥലം പരിശോധിച്ച് നാട്ടുകാരുടെ കർമസമിതിയെയും ജനപ്രതിനിധികളെയും കാര്യങ്ങൾ അറിയിച്ചശേഷമാകും നിർമാണം തുടങ്ങുക.

ജലസേചനവകുപ്പ് ജില്ലാ സൂപ്രണ്ടിങ് എൻജിനിയർ ഡി. രാജൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ ഇ.കെ. സന്തോഷ്, അസി.എൻജിനിയർ സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. അനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കർമസമിതി ഭാരവാഹികളും പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നു.

2019-ലുണ്ടായ പ്രളയത്തിൽ കാരയിലെ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലും റോഡും തകർന്നിരുന്നു. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് കനാലും റോഡും പുതുക്കിപ്പണിതത്. രണ്ടുവർഷത്തിനുള്ളിൽ തന്നെ തുരങ്കത്തിൽ ചോർച്ചയുണ്ടായത് നിർമാണത്തിലെ അഴിമതി മൂലമാണെന്ന് ആരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെ കർമസമിതി മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകാൻ ഒരുങ്ങുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!