വിമാനത്താവളം അദാനിക്ക്: 600 ജീവനക്കാർ തിരുവനന്തപുരം വിടണം

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം പൂർണമായും അദാനി കമ്പനിക്ക് കൈമാറുന്നതിന് മുന്നോടിയായി 600 ജിവനക്കാർക്കും കൂട്ടസ്ഥലംമാറ്റം. അദാനിയുമായി കേന്ദ്രസർക്കാർ വച്ച കരാറിനെ തുടർന്നാണ് എയർപോർട്ട് അതോറിറ്റി ജീവനക്കാർ തിരുവനന്തപുരം വിട്ട് രാജ്യത്തെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് പോകേണ്ട ഗതികേടിലായത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ആറ് വിമാനത്താവളമാണ് മോദി സർക്കാർ അദാനിക്ക് കൈമാറിയത്. മൂന്നുവർഷ കാലാവധി പൂർത്തിയാകുന്ന ഒക്ടോബർ 13ന് തിരുവനന്തപുരം കൂടാതെ ഗോഹത്തി, ജയ്പൂർ വിമാനത്താവളങ്ങളും അദാനിയുടെ നിയന്ത്രണത്തിലാകും. അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം തുടങ്ങി വിമാനത്താവളങ്ങൾ കഴിഞ്ഞവർഷം ഒക്ടോബറിൽ കൈവശമായി. സ്വകാര്യവൽക്കരണത്തിന്റെ ദുരന്തഫലം മുഴുവൻ അനുഭവിക്കുന്നത് തങ്ങളാണെന്ന് ജീവനക്കാർ പറയുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ഉറ്റവരെവിട്ട് നിർബന്ധിതമായി സ്ഥലം മാറിപ്പോകണം. അദാനിയാണ് പകരം ജീവനക്കാരെ വെക്കുക.