പത്താം ക്ലാസിലേക്ക് കടക്കണോ? ഒമ്പതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി സേ പരീക്ഷയും

Share our post

തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് സേവ് എ ഇയര്‍ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.

സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് പത്തിന് മുന്‍പ് ഈ പരീക്ഷ നടത്തണം എന്നാണ് നിര്‍ദേശം. നിലവില്‍ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും.

വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് രണ്ടിന് പ്രസിദ്ധീകരിക്കണം. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കും മുമ്പായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്.സി.ഇ.ആര്‍.ടിയുടെ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!