അവധിയില്ലാ വായനക്കായി വായനശാലകളൊരുങ്ങുന്നു

കണ്ണൂർ: കുട്ടികളിലെ വായനശീലവും സർഗാത്മക രചനയും പ്രോത്സാഹിപ്പിക്കാൻ ഗ്രന്ഥശാലാ സംഘത്തിൻ്റെ സഹകരണത്തോടെ സമഗ്രശിക്ഷ കേരള ജില്ലയിലെ വായനശാലകളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി നടപ്പിലാക്കുന്നു. ഇതിൻ്റെ ഭാഗമായി 5 മുതൽ 12 ക്ലാസുവരെ പഠിക്കുന്ന കുട്ടികൾ വായനശാലയിലെത്തി പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും അംഗത്വമെടുക്കുകയും ചെയ്യാം.
തുടർന്നുള്ള ദിവസങ്ങളിൽ പുസ്തക പരിചയപ്പെടൽ, വായനാനുഭവം പങ്കിടൽ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, എഴുത്തുകാരുടെ ജീവചരിത്രം പരിചയപ്പെടൽ, കഥ – കവിത കേൾക്കൽ, കഥ – കവിത അവതരണം, വായിച്ച കൃതികളുടെ രംഗാവിഷ്കാരം, വായനക്കുറിപ്പുകളുടെ അവതരണം, കൈയെഴുത്തു മാസിക നിർമ്മാണം, വായനദിനത്തിൽ മാസികാ പ്രകാശനം, പ്രദർശനം എന്നിവ നടക്കും.
കണ്ണൂർ സൗത്ത് സബ് ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 15ന് രാവിലെ പത്തിന് ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയിൽ നടക്കും. കണ്ണൂർ സൗത്ത് സബ് ജില്ല സംഘാടക സമിതി രൂപീകരണ യോഗം ബി.പി.സി.സി.ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ശിവദാസൻ അധ്യക്ഷനായി. രാജേഷ് മാണിക്കോത്ത്, പി.വി. സുരേഷ് ബാബു, ജനു ആയിച്ചാൻ കണ്ടി, കെ.സി.വിനോദൻ, കെ.പി.ശ്രുതി, ദിവ്യ രാഘവൻ എന്നിവർ സംസാരിച്ചു.