കേളകത്തെ പ്രിന്റിംഗ് പ്രസിൽ നിന്ന് നിരോധിത ഫ്‌ളക്‌സ് പിടികൂടി

Share our post

കേളകം : ശുചിത്വ മാലിന്യ പരിപാലനരംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ സ്‌ക്വാഡ് ഇരിട്ടി പേരാവൂർ മേഖലയിലെ എട്ട് പ്രിന്റിങ്ങ് യൂണിറ്റുകളിൽനടത്തിയ പരിശോധനയിൽ നിരോധിത ഫ്‌ളക്‌സ് പിടികൂടി. കേളകത്തെ ബ്രദേഴ്‌സ് പ്രിന്റേഴ്‌സിൽ നിന്നാണ് നിരോധിച്ച ഫ്‌ളക്‌സ് പിടികൂടിയത്. സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയ സമയത്ത് നിരോധിത ഫ്‌ളക്‌സിൽ പ്രിന്റിങ്ങ് നടക്കുകയായിരുന്നു. നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെയാണ് ഈ സ്ഥാപനത്തിൽ നിന്നും പ്രിന്റിംഗ് ചെയ്തിരുന്നത്. പ്രിന്റ് ചെയ്യുകയായിരുന്ന ബാനറും ഫ്‌ളക്‌സ് റോളും പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ചുമത്തി. തുടർ നടപടികൾക്ക് കേളകം പഞ്ചായത്തിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ്‌സ് സ്‌ക്വാഡ് നിർദ്ദേശം നൽകി.

ജില്ലാ സ്‌ക്വാഡുകൾ ഗ്രാമപ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചതിനു ശേഷം ശ്രീകണ്ഠാപുരം പിണറായി, ചെമ്പേരി എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരോധിത ഫ്‌ളക്‌സ് പിടികൂടിയിരുന്നു. ഉള്ളിൽ ലൈറ്റ് ഉപയോഗിച്ച് പ്രദർശിപ്പിക്കുന്ന സൈൻ ബോർഡുകൾക്ക് ഇവ ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിതരണക്കാർ പി.വി.സി ഫ്‌ളക്‌സ് റോളുകൾ പ്രിന്റിങ്ങ് യൂനിറ്റുകൾക്ക് നൽകുന്നത്. പി.വി.സി ഫ്‌ളക്‌സ് പൂർണമായും സർക്കാർ നിരോധിച്ചതാണ്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറി കുൽ അൻസാർ, കേളകം പഞ്ചായത്ത് ക്ലാർക്ക് എം.എം. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!