ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ്: കേസുകൾ സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവ്

Share our post

തിരുവനന്തപുരം:  ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകൾ ഹൈറിച്ച് ഉടമകൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്.

ഏകദേശം 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും സമാഹരിച്ചതായി സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബഡ്സ് നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.

കേസുകൾ അട്ടിമറിക്കാൻ ഗ്രൂപ്പ് അംഗങ്ങൾ ഗൂഢനീക്കം നടത്തുന്നതായുള്ള വാർത്തയും പുറത്തുവന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഗ്രൂപ്പ് അംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. അംഗങ്ങളിൽ നിന്ന് പിരിച്ച അഞ്ചുകോടി രൂപ സർക്കാർ അഭിഭാഷകന് കൈമാറിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജി.എസ്‍.ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ.ഡി. പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇക്കാര്യങ്ങൾ കോടതിയിൽ സമർപ്പിച്ച 12 പേജ് വരുന്ന എതിർ സത്യവാങ്മൂലത്തിൽ ഇഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തേക്ക് പണം കടത്തുന്നു എന്ന പരാതിയിൽ ഇ.ഡി റെയ്ഡ് നടത്തിയെങ്കിലും കമ്പനി എം.ഡി പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയും രക്ഷപെട്ടു. പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നു ചൂണ്ടിക്കാട്ടിയ ഇഡി, കേരളത്തിൽ മാത്രം 19 സ്ഥലങ്ങളിൽ ഇവർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചു. തൃശൂർ ആസ്ഥാനമായ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്’ 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേർപ്പ് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!