കണ്ണൂർ നഗരത്തിൽ മാലിന്യം തള്ളി; ക്ലിനിക്കിന് പിഴ

കണ്ണൂർ: നഗരത്തിൽ മാലിന്യം തള്ളിയ ക്ലിനിക്കിന് പിഴ. മെഡിക്കൽ മാലിന്യം ഉൾപ്പെടെയുള്ളവ കണ്ണൂർ നഗരത്തിലെ മെയിൻ റോഡിന് സമീപമുള്ള പറമ്പിൽ തള്ളിയതിന് തളാപ്പിലെ വിൻസ്റ്റ ഡയഗ്നോസ്റ്റിക് ആൻഡ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിനാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തിയത്.
മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്കിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തിയത്. സ്ഥാപനത്തിലെ മാലിന്യങ്ങൾ ഒഴിവാക്കാനായി സ്വകാര്യവ്യക്തിയെയാണ് ഏൽപിച്ചിരുന്നതെന്നും സ്ക്വാഡ് കണ്ടെത്തി.തമിഴ്നാട് സ്വദേശിക്കാണ് മാലിന്യം കൈമാറിയിരുന്നത്. ഇയാൾ ആവശ്യമുള്ളത് എടുത്ത ശേഷം ബാക്കിയുള്ളവ ഉപേക്ഷിക്കുകയായിരുന്നു.
സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവമാലിന്യങ്ങൾ ഹരിതകർമ സേനയെയോ അല്ലെങ്കിൽ അംഗീകാരമുള്ള മാലിന്യ സംസ്കരണ ഏജൻസികളെയോ മാത്രമേ ചുമതലപ്പെടുത്താൻ പാടുള്ളൂവെന്ന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെറികുൽ അൻസാർ, ഇ. മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.