ഗൃഹപ്രവേശന ദിവസത്തെ വാടക കേസ് ‘കോടതി കയറി’; ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിധിച്ച് കോടതി

Share our post

കോഴിക്കോട്: ഗൃഹപ്രവേശന ദിവസത്തെ ചടങ്ങുകള്‍ക്കായി എടുത്ത വാടക സാധനങ്ങള്‍ക്ക് പണം നല്‍കാതെ കബളിപ്പിച്ചെന്ന കേസില്‍ പരാതിക്കാരന് 1,50,807 രൂപ നല്‍കാന്‍ കോടതി ഉത്തരവ്. നാദാപുരം മുന്‍സിഫ് കോടതി വിധിക്കെതിരെ കുറ്റാരോപിതന്‍ സമര്‍പ്പിച്ച അപ്പീലാണ് വടകര സബ് ജഡ്ജ് അപ്പീല്‍ ചിലവ് സഹിതം തള്ളിയത്.

തൊട്ടില്‍പ്പാലം മൊയിലോത്തറയിലെ വട്ടക്കൈത വീട്ടില്‍ പി.കെ സാബുവിന്റെ ഗൃഹപ്രവേശന ചടങ്ങാണ് വിവാദത്തിലായത്. വാണിമേല്‍ ഭൂമിവാതുക്കലിലെ തയ്യുള്ളതില്‍ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ലൈറ്റ് ആന്റ് സൗണ്ട്സില്‍ നിന്നാണ് ചടങ്ങ് നടത്താന്‍ ആവശ്യമായ പന്തലും മേശയും കസേരയും ഉള്‍പ്പെടെയുള്ള വാടക സാധനങ്ങള്‍ എടുത്തത്. എന്നാല്‍ പിന്നീട് ഇതിന്റെ വാടക നല്‍കാന്‍ സാബു തയ്യാറായില്ല. തുടര്‍ന്ന് അഷ്റഫ് കോടതിയെ സമീപിക്കുകയായിരുന്നു.

നാദാപുരം മുന്‍സിഫ് കോടതിയിലാണ് അഷ്റഫ് പരാതി നല്‍കിയത്. വാദം കേട്ട കോടതി വാടക ഇനത്തില്‍ 1,36,839 രൂപ സാബു അഷ്റഫിന് നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഈ വിധിക്കെതിരെ സാബു വടകര കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ സാബുവിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. കോടതി ചിലവായ 13,968 രൂപ ഉള്‍പ്പെടെ ചേര്‍ത്ത് 1,50,807 രൂപ അഷ്റഫിന് നല്‍കാന്‍ വടകര സബ് ജഡ്ജ് ഉത്തരവിടുകയായിരുന്നു. അഷ്റഫിനായി അഭിഭാഷകരായ പി. ബാലഗോപാലന്‍, ടി.കെ അരുണ്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!