ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്.
സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ (65) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിനീതയുടെയും പ്രകാശന്റെയും നില ഗുരുതരമാണ്.
പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാർ. കാൽനടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ബൈക്കിലിടിച്ചതിനെത്തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ടത്.
മീൻവിൽപനക്കാരനായ പ്രകാശൻ സൈക്കിളിൽ മീനെടുക്കാൻ തോട്ടപ്പള്ളി തുറമുഖത്തേയ്ക്ക് പോകുകയായിരുന്നു. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ താൽക്കാലിക ജീവനക്കാരനാണ്. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.