‘തട്ടും മുട്ടും’ കൂടുന്നു; തീവണ്ടികളിലെ ലേഡീസ് കോച്ചുകളിൽ കൂടുതൽ ശ്രദ്ധ നൽകാൻ പോലീസിന് നിർദേശം

കണ്ണൂർ: തീവണ്ടികളിലെ ലേഡീസ് കോച്ചുകളിൽ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയിൽവേ പോലീസിന്റെ നിർദേശം. ലേഡീസ് കോച്ചുകളിൽ യാത്രചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവം തട്ടിയും മുട്ടിയും ശല്യംചെയ്ത് കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
വനിതാ കംപാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാൻ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചിൽ കയറുന്ന യാത്രക്കാരുമുണ്ട്. വനിതാ യാത്രക്കാർക്ക് ആത്മധൈര്യം നൽകാൻ തീവണ്ടികളിൽ വനിതാ പോലീസുകാർ കുറവാണ്.
സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിലായി 36 വനിതാ പോലീസുകാർ മാത്രമാണുള്ളത്. കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ നാലുപേർ. ആർ.പി.എഫിന് കാസർകോട് ആരുമില്ല. കണ്ണൂരിൽ ഏഴുപേർ. കണ്ണൂർ ആർ.പി.എഫ്. പരിധിയിൽ 30 ഉദ്യോഗസ്ഥരാണുള്ളത്.
ഈ വർഷം മോഷണം ഉൾപ്പെടെ 910 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രൈം പ്രിവെൻഷൻ ആൻഡ് ഡിറ്റെക്ഷൻ സ്‌ക്വാഡ് (സി.പി.ഡി.എസ്.) അടക്കം തീവണ്ടികളിൽ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം. ലേഡീസ് ബറ്റാലിയൻ രൂപവത്കരിക്കാനുള്ള ആലോചന പാതിവഴിയിലാണ്. ഒറ്റയ്ക്കുള്ള യാത്രയിൽ വനിതകളെ സഹായിക്കാൻ റെയിൽവേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോൾ കടലാസിൽ മാത്രം.
കോച്ചിനുള്ളിലെ തർക്കം
ടി.ടി.ഇ.മാർ അക്രമിക്കപ്പെടുമ്പോൾ കോച്ചുകളിലെ തിരക്കും തർക്കവും റെയിൽവേ കാണാതിരിക്കരുതെന്ന് യാത്രക്കാർ പറയുന്നു. പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകുന്നില്ല. ദുരിതത്തിനൊപ്പം അവഹേളനവും സഹിക്കാൻ വയ്യെന്ന് സ്ത്രീയാത്രക്കാർ പറയുന്നു. ടിക്കറ്റ് ചോദിച്ചാൽ വനിതാ പരിശോധകരെപ്പോലും അക്രമിക്കുന്നതായി ടി.ടി.ഇ.മാരും പറയുന്നു.
റെയിൽവേ ചെയ്യേണ്ടത്
യാത്രക്കാരെ സഹായിക്കാൻ റെയിൽവേ നിയമിച്ച ട്രെയിൻ ‘ക്യാപ്റ്റൻ’മാരെ പുനഃസ്ഥാപിക്കണം. പകൽ ഡി-റിസർവ്ഡ് കോച്ചുകൾ കൂട്ടണം. മലബാർ എക്സ്പ്രസിൽ (16629) ഡി-റിസർവ്ഡ് കോച്ച് ഒന്നു മാത്രമാണ്. നേത്രാവതി എക്സ്പ്രസിൽ സ്ലീപ്പർ കോച്ച് എട്ടെണ്ണമായി കുറഞ്ഞു. മംഗള എക്സ്പ്രസിൽ ഏഴെണ്ണവും. ജനറൽ കോച്ച് ആകെ രണ്ടെണ്ണം മാത്രം. മെമു സർവീസുകൾ തുടങ്ങണം. ജനറൽ കോച്ചുകൾ വർധിപ്പിക്കണം.