ശബരിമലയിലേക്ക് പ്രത്യേക സർവ്വീസുകളുമായി കെ.എസ്.ആർ.ടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെ.എസ്.ആർ.ടിസി അറിയിച്ചു.
ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാകും. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെ.എസ്.ആർ.ടിസി അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുൻകൂട്ടിയുള്ള ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. വലിയ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടിസി അറിയിച്ചു.