എല്ലാ കണക്ഷനും റദ്ദാക്കും; മൊബൈല്‍ വഴി തട്ടിപ്പിന്റെ പുതിയ വിളി, കരുതിയിരിക്കുക

Share our post

മൊബൈല്‍ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്‍. മുംബൈ ഓഫീസില്‍ നിന്നാണെന്നും രണ്ടുമണിക്കൂറിനകം നിങ്ങളുടെ പേരിലുള്ള എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം മലപ്പുറത്തെ രണ്ടുനമ്പറുകളില്‍ വിളി വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഒന്‍പത് അമര്‍ത്തുക എന്ന നിര്‍ദേശവും.

ഒന്‍പത് അമര്‍ത്തിയാല്‍ കോള്‍സെന്ററിലേക്കു പോകും. അവിടെ കോള്‍ എടുക്കുന്നയാള്‍ നമ്പറും ഉടമയുടെ പേരും സ്ഥലവും പറഞ്ഞ് ശരിയല്ലേ എന്നു ചോദിക്കും. നിങ്ങളുടെ പേരിലുള്ള ഒരു നമ്പറിനെതിരേ മുംബൈയിലെ ഒരു പോലീസ്സ്റ്റേഷനില്‍ ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ രണ്ടുമണിക്കൂറിനകം എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും അറിയിക്കും.

വിദേശങ്ങളിലേക്കു വിളിച്ചിട്ടുള്ളയാളോട് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നതായുള്ള പരാതിയുണ്ടെന്നാണു പറഞ്ഞത്. വിദേശവിളി ഇല്ലാത്ത ഫോണിന്റെ ഉടമയോടു പറഞ്ഞത് നിങ്ങളുടെ ഫോണില്‍നിന്ന് വ്യാപകമായി അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നു എന്നാണ്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടത് കേസ് ഒത്തുതീര്‍ക്കാനുള്ള കൈക്കൂലിയാണ്.

മലപ്പുറത്ത് മൂന്നുദിവസത്തിനിടെ രണ്ടു നമ്പറുകളിലേക്ക് ഒരേ ഫോണില്‍നിന്ന് വിളി വന്നു. 9936789682 എന്ന നമ്പറില്‍നിന്നാണ് രണ്ടു കോളുകളും വന്നത്. മാന്‍വേന്ദ്ര എന്നപേരില്‍ ഉത്തര്‍പ്രദേശിലുള്ള നമ്പര്‍ എന്നാണ് ട്രൂ കോളറില്‍ കാണിച്ചത്.

കരുതിയിരിക്കുക – അനിതാ സുനില്‍

മലപ്പുറത്ത് ഇത്തരം പരാതികള്‍ മുന്‍പ് വന്നിട്ടില്ല. ഇത്തരം കോളുകള്‍ വന്നാല്‍ ഒരുതരത്തിലും പ്രതികരിക്കരുത്. പണം തട്ടുന്നതിനു മാത്രമല്ല, ഫോണില്‍നിന്നുള്ള ഡേറ്റ ചോര്‍ത്തുന്നതിനും ഇത്തരം വിളികള്‍ ഉപയോഗപ്പെടുത്താനിടയുണ്ട്. മൊബൈലിലെ അറിയിപ്പിലൂടെ കണക്ഷനുകള്‍ റദ്ദാക്കുന്നതുപോലുള്ള നടപടികളൊന്നും ബി.എസ്.എന്‍.എല്‍. ചെയ്യുന്നുമില്ല – അനിതാ സുനില്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ബി.എസ്.എന്‍.എല്‍.)

ജാഗ്രത പാലിക്കുക – മലപ്പുറം സൈബര്‍ പോലീസ്

ബാങ്കില്‍നിന്നാണ് എന്നുപറഞ്ഞോ ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനാണ് എന്നുപറഞ്ഞോ ഒക്കെയാകും വിളി. ചില വിളികളില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നമ്മുടെ ഫോണ്‍ മറ്റൊരാള്‍ക്ക് നിയന്ത്രിക്കാനാകും. അക്കൗണ്ടില്‍നിന്നുള്ള പണം തട്ടലുള്‍പ്പെടെ അവര്‍ക്ക് ചെയ്യാനാവും. ഇത്തരം വിളികളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം – മലപ്പുറം സൈബര്‍ പോലീസ്

പരാതിപ്പെടാന്‍ ബന്ധപ്പെടുക – മലപ്പുറം സൈബര്‍ പോലീസ്: 9497941999, 0483 2735777.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!