സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി

മാവേലിക്കര: കായംകുളത്തെ സി.പി.എം പ്രവർത്തകനായിരുന്ന സിയാദ് കൊലക്കേസിൽ ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), ഷെഫീഖ് എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികൾക്ക് മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഏപ്രിൽ ഒൻപതിന് ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിക്കും.
കേസിലെ മൂന്നാം പ്രതിയായിരുന്ന കായംകുളം നഗരസഭ മുൻ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാം എന്ന നൗഷാദിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നതാണ് നൗഷാദിനെതിരായ കേസ്.
തെളിവുകൾ നശിപ്പിച്ച കുറ്റത്തിന് പ്രതിയായ ഷമോൻ വിചാരണക്കിടെ ഒളിവിൽ പോയിരുന്നു. നാല് ദ്യക്സാക്ഷികൾ ഉൾപ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. കോടതിയിൽ 104 രേഖകളും 27 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. പ്രിയദർശൻ തമ്പി, അഭിഭാഷകരായ ജി. ഹരികൃഷ്ണൻ, ഓംജി ബാലചന്ദ്രൻ എന്നിവർ കോടതിയിൽ ഹാജരായി. കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ 2020 ഓഗസ്റ്റ് 18ന് രാത്രി പത്തിനാണ് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.