എ.ടി.എമ്മുകളില്‍ യു.പി.ഐ വഴി ഇനി പണം നിക്ഷേപിക്കാം

ന്യുഡൽഹി : യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണിപ്പോൾ. പണം കൈമാറുന്നതിനും ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്നതിനും ഉപയോഗിച്ചു വരുന്ന യു.പി.ഐ സേവനം ഇനി പേയ്‌മെൻ്റുകളിൽ മാത്രം ഒതുങ്ങുന്നില്ല. യു.പി.ഐ ഉപയോഗിച്ച് ഇനി എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യാം.
പണനയ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ, ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് യു.പി.ഐ യുടെ പുതിയ സേവനം അറിയിക്കുകയായിരുന്നു. കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സി.ഡി.എം) വഴി പണം നിക്ഷേപിക്കുന്നത് പ്രധാനമായും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ്.
എ.ടി.എമ്മുകളിൽ ,പണം നിക്ഷേപിക്കാനുള്ള സൗകര്യം യു.പി.ഐയുടെ ജനപ്രീതിയും സ്വീകാര്യതയും വർധിപ്പിക്കും. ഉപയോക്താക്കൾക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രശ്‌നം കുറയ്ക്കുന്നതോടൊപ്പം ബാങ്ക് ഉദ്യോഗസ്ഥർക്കും സഹായകരമായിരിക്കും ഇത്.