വടകരയില്‍ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനും

Share our post

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനും. കോണ്‍ഗ്രസ് നരിപ്പറ്റമണ്ഡലം മുന്‍ ഭാരവാഹി അബ്ദുല്‍ റഹീം ആണ് വടകരയില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു അബ്ദുല്‍ റഹീം.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അബ്ദുല്‍ റഹീമിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അതേസമയം, ഇയാള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടെ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ നാലിനാണ് അബ്ദുല്‍ റഹീം എന്ന റഹി ഹാജി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്.

ഷാഫി പറമ്പിലിന് എതിരെയാണ് സ്ഥാനാര്‍ത്ഥിത്വം. പല ആവശ്യങ്ങള്‍ക്കും വേണ്ടി പാര്‍ട്ടിപ്രവര്‍ത്തകരേയും പ്രാദേശിക നേതൃത്വത്തേയും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന കോണ്‍ഗ്രസിന്റെ സമീപനത്തിനെതിരായാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്ന് അബ്ദുല്‍ റഹീം പറഞ്ഞു.

പ്രവാസിയായ അബ്ദുല്‍ റഹീം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രമേയം പാസാക്കി ഇയാളെ പുറത്താക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!