തൊഴിലുറപ്പിൽ റെക്കോഡിട്ട് കേരളം; പൂർത്തിയാക്കിയത് 9.94 കോടി തൊഴില്‍ ദിനം

Share our post

വടകര: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 വർഷം കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനം. ഏപ്രിൽ പത്തിന് അന്തിമകണക്ക് വരുമ്പോൾ പത്തുകോടി തൊഴിൽദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന. തൊഴിലെടുത്തവരിൽ 89.27 ശതമാനവും സ്ത്രീകളാണ്. ശരാശരി ഓരോ കുടുംബത്തിനും 67.68 ദിവസം തൊഴിൽ ലഭിച്ചു. 5.66 ലക്ഷം കുടുംബങ്ങൾ കഴിഞ്ഞവർഷം കേരളത്തിൽ നൂറു തൊഴിൽദിനം പൂർത്തിയാക്കി. ഇത് റെക്കോഡാണ്.

2023-24 വർഷത്തിൻ്റെ തുടക്കത്തിൽ വെറും ആറുകോടി തൊഴിൽദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ്. ഓഗസ്റ്റിൽത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാർ ഉള്ളതിനാൽ തൊഴിൽദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്പതു കോടിയായും ഏറ്റവുമൊടുവിൽ 10.50 കോടിയായും വർധിപ്പിച്ചു.

തൊഴിൽദിനത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ- 1.33 കോടി തൊഴിൽദിനം. തൊട്ടുപിന്നിൽ ആലപ്പുഴയുണ്ട്- 1.12 കോടി. മൂന്നാംസ്ഥാനത്ത് കോഴിക്കോടാണ്- 1.09 കോടി തൊഴിൽദിനം. നൂറു തൊഴിൽദിനം പൂർത്തിയാക്കിയതിലും മുന്നിൽ തിരുവനന്തപുരംതന്നെ. 85,219 കുടുംബം ഇവിടെ നൂറു തൊഴിൽദിനം നേടി. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 76,221 കുടുംബങ്ങൾ നൂറു തൊഴിൽദിനം പൂർത്തിയാക്കി. നൂറു തൊഴിൽദിനം പൂർത്തിയാക്കിയവരിലൂടെ മാത്രം 5.82 കോടി തൊഴിൽദിനം സൃഷ്ട‌ിക്കപ്പെട്ടു. കഴിഞ്ഞവർഷം കേരളത്തിൽ ആകെ തൊഴിലെടുത്തത് 14.68 ലക്ഷം കുടുംബങ്ങളിലെ 16.61 ലക്ഷം പേരാണ്.

പ്രായം വെറും അക്കംമാത്രം

80 വയസ്സിനുമുകളിലുള്ള 14,991 പേരാണ് കഴിഞ്ഞവർഷം തൊഴിലെടുത്തത്.2.51 ലക്ഷം പേർ രജിസ്റ്റർ ചെയ്‌തിരുന്നു. 61 വയസ്സിനും 80-നും മധ്യേയുള്ള 5.22 ലക്ഷം പേർ തൊഴിൽ ചെയ്‌തു. ഏറ്റവും കൂടുതൽപ്പേർ തൊഴിൽ ചെയ്ത‌തത് 51-നും 60-നും മധ്യേയുള്ളവരാണ്-5.27 ലക്ഷം പേർ.യുവത്വത്തിൻറെ പ്രാതിനിധ്യം പൊതുവേ കുറവാണ്.

18-നും 30-നും മധ്യേ പ്രായമുള്ള 1.03 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും തൊഴിലെടുത്തത് 18,765 പേര്‍. 31-നും 40-നും മധ്യേ 1.60 ലക്ഷം പേര്‍ തൊഴിലെടുത്തു. 

വേതനം മാത്രം 3326 കോടി രൂപ

2023-24 വർഷം തൊഴിലാളികളുടെ വേതനത്തിനുമാത്രം ചെലവ് 3326 കോടി രൂപ. സാധനസാമഗ്രികൾ, നൈപുണ്യമുള്ള തൊഴിലാളികളുടെ വേതനം എന്നിവയുടെ 513 കോടി രൂപയാണ്. ആകെ ചെലവ് 3971 കോടി രൂപയാണ്. ഈ തുക പൂർണമായും കൊടുത്തുതീർത്തിട്ടില്ല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!