അമേഠിക്കാർക്ക് തെറ്റ് മനസ്സിലായി, സ്മൃതിക്കെതിരെ താൻ മത്സരിക്കണമെന്നാണ് അവരുടെ ആഗ്രഹം- റോബർട്ട് വാദ്ര

ന്യൂഡൽഹി: സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹം. താൻ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞു. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്ക്കൊപ്പം അമേഠിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി കോൺഗ്രസിൻ്റെ കോട്ടയായിരുന്ന അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. 2004, 2009, 2014 ലോകസഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചെങ്കിലും 2019 ൽ മണ്ഡലം കൈവിട്ടുപോയി. വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലുംഅമേഠിയിലെ പരാജയം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വലിയ തിരിച്ചടിയായിരുന്നു.
രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അമേഠിക്ക് പുറമെ റായ്ബറേലിയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. 2019 ലേതുപോലെ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി വാദ്ര റായ്ബറേലിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.