ഇളവുകള്‍ ആസ്വദിച്ച് നിയമലംഘനം; ചെറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റ് വേണമെന്ന് പോലീസ്

Share our post

കുറഞ്ഞശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന വൈദ്യുത സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്. ഇത്തരം സ്‌കൂട്ടറുകള്‍ നിരന്തരം സിഗ്‌നലുകള്‍ലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്തുനല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ഗതാഗതവകുപ്പ് പരിഗണിക്കുമെന്നാണ് വിവരം.

നിലവിലെ കേന്ദ്ര മോട്ടോര്‍വാഹന നിയമമനുസരിച്ച് 250 വാട്ടില്‍ താഴെ ശേഷിയുള്ള വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് നമ്പര്‍ പ്ലേറ്റുകളോ ഓടിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ആവശ്യമില്ല. നഗരത്തിലെ ഭൂരിഭാഗം ഭക്ഷണവിതരണക്കാരും കൊറിയര്‍ വിതരണക്കാരും ഇത്തരം സ്‌കൂട്ടറുകളാണ് ഉപയോഗിക്കുന്നത്.

നിയമത്തില്‍ ഇളവുകളുള്ളതിനാല്‍ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ നടപ്പാതകളിലൂടെ ഓടിക്കുന്നതും സിഗ്‌നലുകള്‍ മറികടക്കുന്നതും പതിവാണ്. ഇതിനോടകം ഒട്ടേറെ അപകടങ്ങളുമുണ്ടായി. ചെറു വൈദ്യുതി സ്‌കൂട്ടറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുള്ള അതേനിയമങ്ങള്‍ കൊണ്ടുവന്നാല്‍ ഇത്തരം അപകടങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

250 വാട്‌സില്‍ കുറവ് ശേഷിയുള്ള വാഹനങ്ങള്‍ക്കാണ് രജിസ്‌ട്രേഷനില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുള്ളത്. ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യമില്ല. ഇതിനുപുറമെ, ഡ്രൈവിങ്ങ് ലൈസന്‍സ്, റോഡ് ടാക്‌സ് എന്നവയും ആവശ്യമില്ല. പക്ഷെ ഇത്തരം സ്‌കൂട്ടറുകള്‍ക്ക് എടുക്കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആയിരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

ഡ്രൈവിങ്ങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ ആവശ്യമില്ലെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ സ്‌കൂട്ടറുകള്‍ എടുക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ ഉറപ്പാക്കേണ്ട ഏതാനും കാര്യങ്ങളുമുണ്ട്. ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(എ.ആര്‍.എ.ഐ, ഐ.സി.എ.ടി) അപ്രൂവല്‍ ഉള്ളതാണോയെന്നതാണ് ഇതില്‍ പ്രധാനം. വാഹനത്തിന്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമില്‍ അധികമില്ലെന്നും ഉറപ്പാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!