അബദ്ധവശാല്‍ പോലും പച്ചപ്പതാക ഉയര്‍ത്തിപ്പോകരുതെന്ന് കോണ്‍ഗ്രസ്; അപമാനം ലീഗ് എത്രനാള്‍ സഹിക്കും: കെ.ടി. ജലീല്‍

Share our post

‘സ്വന്തം പതാക ഉയര്‍ത്തി രാഹുലിനെ വരവേല്‍ക്കാന്‍ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാന്‍? കരള്‍ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാള്‍ ലീഗ് യു.ഡി.എഫില്‍ തുടരും? ‘ഇന്‍ഡ്യ’ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയം!‘- കെ.ടി. ജലീലിൻ്റെ ഫേസ്ബുക്കിൽ കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് കുറിപ്പ്: 

അന്ന് ‘തൊപ്പി’ ഇന്ന് ”കൊടി’!!
പണ്ട് കോണ്‍ഗ്രസ് ലീഗിനോട് പറഞ്ഞത് സി.എച്ചിനെ സ്പീക്കറാക്കണമെങ്കില്‍ ‘തൊപ്പി’ അഴിച്ചുവെക്കണമെന്നാണ്. ഇന്ന് കോണ്‍ഗ്രസ് വയനാട് മണ്ഡലത്തില്‍ ലീഗിനോട് കല്‍പ്പിക്കുന്നത് അബദ്ധവശാല്‍ പോലും പച്ചപ്പതാക ഉയര്‍ത്തിപ്പോകരുതെന്നാണ്! നാളെ മുസ്ലിംലീഗില്‍ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടു?

ത്രിവര്‍ണ്ണ ബലൂണുകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ചുളുവില്‍ അവരുടെ പതാകയുടെ പ്രശ്‌നം പരിഹരിച്ചു. ത്രിവര്‍ണ്ണ ബലൂണിലെ പച്ചയല്ലാതെ ലീഗിന്റെ പച്ച എവിടെയും കണ്ടില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തോറ്റത് രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തും പച്ചക്കൊടി പിടിച്ചത് കൊണ്ടാണെന്നാണ് വേണുഗോപാലാതികള്‍ കണ്ടെത്തിയ കാരണം. 
ഇക്കുറി വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിലെവിടെയും പച്ചക്കൊടി കാണില്ല. ലീഗ് പ്രവര്‍ത്തകര്‍ പച്ച ഷര്‍ട്ടിട്ട് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 ഒരുപക്ഷെ, ആട്ടിയോടിക്കപ്പെട്ടേക്കാം. തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് പരിപാടിയില്‍ ലീഗിന്റെ കൊടി കെട്ടാന്‍ചെന്ന പാവം ലീഗുപ്രവര്‍ത്തകന്റെ കയ്യില്‍ നിന്ന് പതാക പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് ‘ഇത് പാക്കിസ്ഥാനില്‍ കൊണ്ടുപോയി കെട്ടടാ’ എന്നലറിയ കോണ്‍ഗ്രസ് നേതാവിന്റെ സ്വരം വയനാട്ടിലേക്കും വ്യാപിച്ചോ?

ലീഗിന്റെ അപ്രഖ്യാപിത ”മൂന്നാം സീറ്റായ’ വടകരയിലെ ഹരിത പതാകയുടെ പുളപ്പൊന്നും വയനാട് ചുരം കയറിയപ്പോള്‍ കണ്ടില്ലല്ലോ! പച്ചക്കൊടിയുടെ നിഴല്‍ പോലും ഭയപ്പെടുന്ന രാഹുല്‍ ഗാന്ധി എങ്ങിനെ ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുമെന്നാണ് ലീഗ് പറയുന്നത്? സ്വന്തം പതാക ഉയര്‍ത്തി രാഹുലിനെ വരവേല്‍ക്കാന്‍ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാന്‍? കരള്‍ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാള്‍ ലീഗ് യു.ഡി.എഫില്‍ തുടരും? ‘ഇന്‍ഡ്യ’ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയം!!!


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!