ജി-മെയിലിന് 20-ാം പിറന്നാള്‍, 180 കോടി ഉപഭോക്താക്കളുമായി മുന്നേറ്റം തുടരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ഗേയ് ബ്രിന്നും ചേര്‍ന്ന് 2004-ലെ വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രില്‍ ഒന്നിനും വമ്പന്‍ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിന്‍ സഖ്യത്തിന്റെ ‘ഏപ്രില്‍ഫൂള്‍’ ആയേ എല്ലാവരും ജി-മെയിലിനെ ആദ്യം കണ്ടുള്ളൂ. ഒരു അക്കൗണ്ടിന് ഒരു ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സൗജന്യസേവനം ഇവയൊക്കെയായിരുന്നു മുഖമുദ്ര.
സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന, എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കുന്ന ഒരു വെബ് മെയില്‍ സേവനമാണ് ജെമിയിലിലൂടെ ഗൂഗിള്‍ ലക്ഷ്യമിട്ടത്. അന്ന് തൊട്ട് ഇന്ന് വരെ ഉപഭോക്താക്കളുടെ സന്ദേശ കൈമാറ്റങ്ങള്‍ സുഗമമാക്കാനും സുരക്ഷയും സ്വകാര്യതയും ഒരുക്കാനുള്ള നിരവധി ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളും ഇമെയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
2024 ഏപ്രില്‍ 1 മുതല്‍ ഒരുപാട് ഇമെയിലുകള്‍ ഒന്നിച്ച് അയക്കുന്നവര്‍ക്കുള്ള പുതിയ സുരക്ഷാ നിയമങ്ങളും കമ്പനി അവതരിപ്പിച്ചു. ഇതനുസരിച്ച് കൂട്ടമായി ഇമെയിലുകള്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമെയില്‍ മാര്‍ക്കറ്റര്‍മാര്‍ കര്‍ശനമായ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകേണ്ടിവരും. 24 മണിക്കൂറില്‍ 5000-ഓളം ഇമെയിലുകള്‍ അയക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്.
പുതിയ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരായില്ലെങ്കില്‍ കൂട്ടമായി സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. ഒരു തവണയെങ്കിലും 5000 ഇമെയിലുകള്‍ അയച്ചവരെ ബള്‍ക്ക് സെന്റര്‍മാരായി കണക്കാക്കുകയും വീണ്ടും ബള്‍ക്ക് ഇമെയിലുകള്‍ അയക്കണമെങ്കില്‍ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകുകയും വേണം.