ബൈപ്പാസ്‌ ശസ്ത്രക്രിയക്കിടെ അജ്ഞാത വസ്തു കുടുങ്ങി; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ വീണ്ടും പരാതി

Share our post

കോഴിക്കോട് : മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്കു പിന്നാലെ ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തെളിവെടുത്തു.

അത്തോളി ചീക്കിലോട് കോറോത്ത് അശോകനാ(60)ണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതിനെത്തുടർന്ന് അഞ്ചുവർഷമായി ദുരിതമനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതിനൽകിയത്.

നെഞ്ചുവേദനയെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതിൽനിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു. നാലുതവണയായി വീണ്ടും മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പല ഡോക്ടർമാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ല. ഒടുവിൽ ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് സ്‌കാൻ ചെയ്യാൻ നിർദേശിച്ചത്. സ്‌കാനിങ്ങിൽ ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്ത്രക്രിയനടത്തി അത് പുറത്തെടുത്തു. ഇതോടെ രക്തവും നീരും മറ്റും വരുന്നത് നിന്നതായും മുറിവുണങ്ങിയതായും അശോകൻ പറഞ്ഞു.

“നീണ്ട അഞ്ചുവർഷം ചെറിയ ദുരിതമല്ല അനുഭവിച്ചത്. കടുത്ത വേദനയ്ക്കൊപ്പം എപ്പോഴും പുറത്തേക്ക് രക്തവും നീരും വന്നുകൊണ്ടിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും കിടക്കവിരിയും മറ്റും രക്തം കാരണം നനഞ്ഞിട്ടുണ്ടാവും. ഒരിടത്തും പോവാൻ കഴിയാതെയായി. അഞ്ചുവർമായി ജോലിക്കും പോവാനായില്ല” -അശോകൻ പറയുന്നു. രണ്ടു ശസ്ത്രക്രിയക്കുമായി മൂന്നരലക്ഷത്തോളം രൂപ ചെലവായി. കടവുമുണ്ട്. വീഴ്ചവരുത്തിയവർക്കെതിരേ നടപടിവേണം, ഒപ്പം നഷ്ടപരിഹാരവും -അശോകൻ ആവശ്യപ്പെട്ടു.

പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തുകയായിരുന്നു.തുടർന്നാണ് തിങ്കളാഴ്ച കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. ഇതുവരെയുള്ള എല്ലാ ചികിത്സാരേഖകളും സമിതി പരിശോധിച്ചു. ബാഹ്യവസ്തു കണ്ടെത്തിയതായുള്ള എക്കോ സ്‌കാനിങ് റിപ്പോർട്ടുൾപ്പെടെ ഹാജരാക്കിയതായി അശോകൻ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!