സ്ത്രീയെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസിനുനേരെ ആക്രമണം; അഞ്ച് പേർ പിടിയിൽ  

Share our post

പുളിക്കീഴ് (പത്തനംതിട്ട): കടപ്ര പനച്ചിമൂട്ടിൽ സ്ത്രീയെ ശല്യം ചെയ്യുന്നു എന്ന പരാതിയിന്മേൽ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് പരിക്ക്. സംഭവത്തിൽ അഞ്ചംഗ സംഘം പുളിക്കീഴ് പോലീസിൻ്റെ പിടിയിലായി. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പനച്ചിമൂട്ടിൽ അരുണാപുരം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എം.അനിൽ കുമാറിനാണ് പരിക്കേറ്റത്.

പനച്ചിമൂട്ടിൽ അരുണാപുരം അരയത്ത് പറമ്പിൽ ശ്രീനാഥ് (29), കോഴിക്കോട് തോമ്പരമന്നം അറക്കടയിൽ വീട്ടിൽ പ്രിൻസ് (28), വളഞ്ഞവട്ടം നാമത്തറ വീട്ടിൽ അലക്സ് (30), നിരണം ഐക്കാട്ടുപറമ്പിൽ റോബിൻ (32), നിരണം മഠത്തിൽ വടക്കേതിൽ പ്രശാന്ത് (33) എന്നിവരാണ് പിടിയിലായത്.

ശ്രീനാഥ് നിരന്തരമായി ഉപദ്രവിക്കുന്നതായും അസഭ്യം പറയുന്നതായും കാട്ടി പനച്ചിമൂട് അരുണാപുരം സ്വദേശിനി നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ മൂന്നംഗ പോലീസ് സംഘത്തിന് നേരെയായിരുന്നു ലഹരിക്ക് അടിമകളായ പ്രതികളുടെ ആക്രമണം. തുടർന്ന് സ്റ്റേഷൻ ഓഫീസർ എസ്. സജികുമാറിൻ്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം എത്തി പ്രതികളെ കീഴ്പെടുത്തുകയായിരുന്നു. അക്രമണത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ തിരുവല്ല താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. പിടിയിലായ ശ്രീനാഥ്, അലക്‌സ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!