ഓസ്കർ, എമ്മി പുരസ്കാര ജേതാവ് നടൻ ലൂയിസ് ​​ഗോസെ ജൂനിയർ അന്തരിച്ചു

Share our post

ഹോളിവുഡ് താരവും ഓസ്കർ, എമ്മി പുരസ്കാര ജേതാവുമായ ലൂയിസ് ​​ഗോസെ ജൂനിയർ (87) അന്തരിച്ചു. കാലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം. മരണവിവരം ഒരു പ്രസ്താവനയിലൂടെ കുടുംബം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.

സഹനടനുള്ള ഓസ്കർ നേടുന്ന കറുത്തവർ​ഗക്കാരനായ ആദ്യ നടനായിരുന്നു ലൂയിസ് ​​ഗോസെ ജൂനിയർ. ആൻ ഓഫീസർ ആൻഡ് എ ജെന്റിൽമാൻ ആയിരുന്നു ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ​ഗോസെയെ തേടിയെത്തി. റൂട്ട്സ് എന്ന വി മിനി സീരീസിലൂടെ എമ്മി പുരസ്കാരവും അദ്ദേ​ഹം സ്വന്തമാക്കി.

ഏറെ നാളുകളായി ഗോസെയെ ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഇത് അദ്ദേഹത്തിൻ്റെ മാലിബുവിലെ വീട്ടിൽ കണ്ടെത്തിയ വിഷാംശമുള്ള പൂപ്പൽ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2010-ൽ താരത്തിന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്നും കണ്ടെത്തി. എന്നാൽ പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയതിനാൽ പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ആൻ ആക്ടർ ആൻഡ് എ ജെന്റിൽമാൻ എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിന്റെയും പേര്. “എല്ലാത്തിനുമുപരിയായി, ഒരു കറുത്തവർ​ഗക്കാരനായ നടൻ എന്ന നിലയിലുള്ള എൻ്റെ സ്ഥാനത്തിൻ്റെ വലിയ സ്ഥിരീകരണമായിരുന്നു അത്” എന്നാണ് തനിക്ക് ലഭിച്ച ഓസ്കറിനേക്കുറിച്ച് 2010-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ ​ഗോസെ എഴുതിയത്.

രണ്ട് മക്കളാണ് ​ഗോസേക്കുള്ളത്. സംവിധായകനും നിർമാതാവുമായ സാറ്റീയാണ് മൂത്ത മകൻ. താരത്തിന് രണ്ടാംവിവാഹത്തിലുണ്ടായ മകനാണ് സാറ്റീ. ഷെഫ് ആയ ഷാരോൺ ആണ് രണ്ടാമത്തെ മകൻ. നിരാശാജനകമായ സാഹചര്യങ്ങളിലുള്ള കുട്ടികളേക്കുറിച്ചുള്ള ഒരു ടിവി പരിപാടിയിൽ കാണിച്ച, അന്ന് 7 വയസ്സുണ്ടായിരുന്ന ഷാരോണിനെ ​ഗോസെ ദത്തെടുക്കുകയായിരുന്നു. നടൻ റോബർട്ട് ​ഗോസെ ബന്ധുവാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!