ബെംഗളൂരുവിലെ പി.ജി.കളില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയില്‍; കണ്ടെടുത്തത് 24 എണ്ണം

Share our post

ബെംഗളൂരു: നഗരത്തിലെ പി.ജി(പേയിങ് ഗസ്റ്റ്) ഹോസ്റ്റലുകളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളി(29)നെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. യുവതിയുടെ പക്കല്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്‌ടോപ്പുകളും കണ്ടെടുത്തു.

കഴിഞ്ഞ രണ്ടുവര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളില്‍നിന്നായി യുവതി നിരവധി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ എച്ച്.എ.എല്‍. പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലാപ്‌ടോപ്പും ചാര്‍ജറും മൗസും മോഷണം പോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായതെന്നും ബെംഗളൂരു കമ്മീഷണര്‍ ബി.ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

ഐ.ടി. കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നു. മാറത്തഹള്ളി, ടിന്‍ ഫാക്ടറി, ബെല്ലന്ദൂര്‍, സില്‍ക്ക്‌ബോര്‍ഡ്, വൈറ്റ്ഫീല്‍ഡ്, മഹാദേവ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ലാപ്‌ടോപ്പ് മോഷ്ടിച്ചിരുന്നു. ഇവയില്‍ പലതും മാറത്തഹള്ളിയിലെയും ഹെബ്ബാളിലെയും കടകളിലാണ് മറിച്ചുവിറ്റിരുന്നത്. എച്ച്.എ.എല്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു.

അതിനിടെ, കോവിഡില്‍ ജോലി നഷ്ടമായതിന് പിന്നാലെയാണ് ജാസു അഗര്‍വാള്‍ ലാപ്‌ടോപ്പ് മോഷണം ആരംഭിച്ചതെന്ന് ‘ഇന്ത്യാടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച ലാപ്‌ടോപ്പുകളില്‍ ചിലതെല്ലാം സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിലും വിറ്റഴിച്ചിരുന്നു. ഹോസ്റ്റലുകളില്‍ ആളില്ലാത്ത മുറിയില്‍ കയറിയാണ് യുവതി മോഷണം നടത്തിയിരുന്നതെന്നും ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!