രാത്രി ട്രിപ്പ് കട്ടാക്കി പ്രൈവറ്റ് ബസുകള്‍, പരാതി മന്ത്രിക്ക് മുന്നില്‍, കനത്ത പിഴയിട്ട് എം.വി.ഡി

Share our post

രാത്രിയിലെ സര്‍വീസുകള്‍ ഒഴിവാക്കുന്ന സ്വകാര്യബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് വന്‍തുക പിഴചുമത്തുന്നു. സര്‍വീസ് മുടക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. 7,500 രൂപയാണ് പിഴയീടാക്കുന്നത്.

സംസ്ഥാനത്ത് ഇതിനോടകം 750 -ഓളം ബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് പിഴചുമത്തി. പാലക്കാട് ജില്ലയില്‍ മാത്രം എഴുപതോളം ബസുകള്‍ക്ക് പിഴചുമത്തി. കോവിഡ് അടച്ചിടലിനുശേഷം യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് വൈകീട്ട് ഏഴുമണിക്കുശേഷമുള്ള സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥ് പറയുന്നു.

രാത്രിയിലെ സര്‍വീസുകളില്‍ പത്തില്‍ത്താഴെ മാത്രമാണ് യാത്രക്കാരുള്ളതെന്നും നഷ്ടമായതിനാലാണ് ട്രിപ്പുകള്‍ നിര്‍ത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാത്രി ബസ് ഇല്ലാതായതോടെ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ് യാത്രക്കാര്‍ പറയുന്നത്.

രാത്രി സര്‍വീസ് ഒഴിവാക്കിയതിന്റെ പേരില്‍ പിഴചുമത്തുന്ന നടപടി പിന്‍വലിക്കണമെന്നും യാത്രാപ്രശ്നം നേരിടുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ സര്‍വീസ് നടത്താന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ മന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ട്.

നടപടി തുടരുകയാണെങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബസുടമകള്‍ പറയുന്നു. സര്‍വീസ് ഒഴിവാക്കിയതിന് പരാതിനല്‍കുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ പണം വാങ്ങുന്നതായും ബസുടമകള്‍ ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!