ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: പുളിമാത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാള് അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ കിളിമാനൂർ സ്വദേശി രതീഷാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സുജിത്തിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. തിരുവനന്തപുരം പുളിമാത്ത് കമുകിൻകുഴി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാനാർഥിയുടെ ഫ്ലകസ് സ്ഥാപിച്ചിരുന്നു. ഇത് നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആക്രമണം.
ഇതിന് പകരമായി തൊട്ടടുത്ത ദിവസം സുജിത്തടക്കമുള്ള സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോള് ആർ.എസ്.എസ് പ്രവർത്തകരുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം സുജിത്തിനെ വീട്ടിൽക്കയറി മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.സുജിത്തിന്റെ തലക്കും കൈയിലുമാണ് വെട്ടേറ്റത്.