മട്ടന്നൂരിൽ കാൽനടയാത്രക്കാർ തല സൂക്ഷിക്കണം

Share our post

മട്ടന്നൂർ : മട്ടന്നൂർ-കണ്ണൂർ റോഡിൽ നടപ്പാതയിലൂടെ നടക്കുന്നവർ തല സൂക്ഷിക്കണം. മുകളിൽ നിന്ന് വീഴാൻ തയ്യാറായിനിൽക്കുകയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച തൂണുകളും ഇതിൽ സ്ഥാപിച്ച പരസ്യബോർഡുകളുടെ ഇരുമ്പ് കമ്പിയും മറ്റും. പരസ്യം സ്ഥാപിക്കുന്നതിന് വെച്ച പെട്ടികളും മറ്റും തുരുമ്പെടുത്ത് നശിച്ചതോടെ ഇവയുടെ അവശിഷ്ടങ്ങൾ യാത്രക്കാരുടെ തലയിൽ വീഴുന്ന തരത്തിലാണുള്ളത്.

മട്ടന്നൂർ-കണ്ണൂർ റോഡിൽ പോലീസ് ക്വാർട്ടേഴ്‌സിന് മുന്നിൽ തൂൺ റോഡിലേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. കുറച്ചുകൂടി മുന്നോട്ടുപോയാൽ എൽ.ഐ.സി. ഓഫീസിന് സമീപത്തുള്ള തൂണിൽ സ്ഥാപിച്ച പരസ്യബോർഡ് തുരുമ്പെടുത്ത് ഇരുമ്പുകമ്പി റോഡിലേക്ക് തള്ളിനിൽക്കുന്നത് കാണാം. തരുമ്പെടുത്ത് നശിച്ച തൂണുകളും പരസ്യബോർഡുകളുടെ അവശിഷ്ടങ്ങളും നീക്കംചെയ്യാൻ നടപടിയുണ്ടായിട്ടില്ല.

വർഷങ്ങൾക്ക് മുൻപ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് നഗരസഭ നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. നിരവധി ക്യാമറകളിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നത് ഇവയ്ക്കുവേണ്ടി സ്ഥാപിച്ച തൂണുകളിലെ പരസ്യബോർഡുകളാണ് വീഴാറായിനിൽക്കുന്നത്.

മട്ടന്നൂർ-ഇരിട്ടി കെ.എസ്.ടി.പി. റോഡിലെ അവസ്ഥ ഇതിലും മോശമാണ്. തെരുവുവിളക്കുകളുടെ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന അവസ്ഥയാണ്. പാലോട്ടുപള്ളിയിലും കളറോഡിലും തെരുവുവിളക്കുകളുടെ നിരവധി ബാറ്ററികളാണ് ഊരിക്കൊണ്ടുപോയത്. ഇതേത്തുടർന്ന് നോക്കുകുത്തികളായ തെരുവുവിളക്കുകൾ തുരുമ്പെടുത്ത് അപകടഭീഷണിയാകുകയാണ്. തെരുവുവിളക്കുകളുടെ മേൽനോട്ടം വഹിക്കാനോ ബാറ്ററി മോഷ്ടിക്കുന്നവർക്കെതിരേ നടപടിയെടുക്കാനോ ആരുമില്ല.

വീണ്ടും സി.സി.ടി.വി. ക്യാമറകൾ

നഗരത്തിൽ വീണ്ടും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ നഗരസഭ ഒരുങ്ങുകയാണ്. ‘തേർഡ് ഐ അറ്റ് മട്ടന്നൂർ’ എന്ന പദ്ധതിയിലാണ് 48 ഇടങ്ങളിൽ ക്യാമറകൾ വരുന്നത്. 51 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ ക്യാമറകൾ വെക്കുമ്പോൾ പഴകിയ തൂണുകളും പരസ്യബോർഡിന്റെ അവശിഷ്ടങ്ങളും ഒഴിവാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!