റോഡിലെ നിയമലംഘനം; ഇ-ചലാനില്‍ പിഴ പൂജ്യമാണെങ്കില്‍ ആശ്വസിക്കേണ്ട, ഇത് പണി വേറെയാണ്
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂജ്യം തുക പിഴയടയ്ക്കണമെന്ന ഇ-ചലാന്‍ വന്നാല്‍ നിസ്സാരമായി കാണരുതെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. പിഴ മാത്രമടച്ച് തീര്‍പ്പാക്കാവുന്ന കേസുകളല്ലാത്തതിനാലാണ് പൂജ്യം തുകയെന്നെഴുതിയ ഇ- ചലാന്‍ വരുന്നത്. അതിനാല്‍ ഇത്തരം ചലാന്‍ ലഭിച്ചാല്‍ ഉടന്‍ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ സമീപിക്കണമെന്നാണ് നിര്‍ദേശം.
ചുവപ്പ് സിഗ്‌നല്‍ കാണിച്ചശേഷം മറികടക്കുക, സിഗ്‌നലുകളില്‍ സ്റ്റോപ്പ് ലൈന്‍ കഴിഞ്ഞ് വാഹനം നിര്‍ത്തുക, സീബ്രാലൈനില്‍ വാഹനം നിര്‍ത്തുക, ദേശീയപാതകളിലെ ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ മറികടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പൂജ്യം പിഴയുടെ ചലാന്‍ നല്‍കുന്നത്.
ഒപ്പം ഗതാഗതം നിരോധിച്ചിടത്തുകൂടി വാഹനമോടിക്കല്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് മനഃപൂര്‍വം തടസ്സം സൃഷ്ടിച്ചാലും ഇതേ രൂപത്തിലുള്ള പിഴയുള്‍പ്പെട്ട ചലാനാണ് ലഭിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. പ്രധാന ജങ്ഷനുകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഉണ്ടാകാറുള്ളത്. ക്യാമറകളിലും മോട്ടോര്‍വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിക്കാറുള്ളത്.
പലരും പൂജ്യമല്ലേ പിഴയടക്കേണ്ടല്ലോ എന്ന ചിന്തയില്‍ ഇത്തരം ചലാന്‍ അവഗണിക്കാറുണ്ട്. ഇതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോടതിവിചാരണയ്ക്ക് ശേഷമേ പിഴയോ മറ്റ് നടപടികളോ വേണമോയെന്ന് തീരുമാനിക്കൂയെന്നതാണ് പ്രശ്നം. ചലാന്‍ലഭിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പിനെ സമീപിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ചിലപ്പോള്‍ വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നും അധികൃതര്‍ പറയുന്നു.