പോലീസ് സ്‌റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

ആലത്തൂർ: പോലീസ് സ്‌റ്റേഷനു മുന്നിൽ പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടിൽ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകൻ രാജേഷാണ് (30) മരിച്ചത്. മാർച്ച് 25നായിരുന്നു യുവാവിൻ്റെ ആത്മഹത്യാ ശ്രമം. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ മരിച്ചു.
രാജേഷിനെതിരെ അത്തിപ്പൊറ്റ സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിൽ ഇരുവരേയും സ്റ്റേഷനിലേക്ക് മാർച്ച് 25ന് രാവിലെ വിളിപ്പിച്ച് സംസാരിക്കുകയും പരസ്പരം ഇനി പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് എഴുതിവെപ്പിച്ച് പറഞ്ഞയച്ചതായും പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ് രാജേഷ്, ക്യാനിൽ പെട്രോളുമായി പോലീസ് സ്റ്റേഷൻ്റെ മുന്നിലെത്തി ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുമ്പോൾ വസ്ത്രത്തിലേക്ക് തീപടർന്ന് കുഴഞ്ഞുവീണത്. പോലീസുകാർ, വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും സാരമായി പൊള്ളലേറ്റു. ആംബുലൻസ് വിളിച്ചുവരുത്തി ആലത്തൂർ താലൂക്ക് ആശുപത്രിയിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മജിസ്ട്രേറ്റിന് മരണ മൊഴി നൽകിയിരുന്നു
മലേഷ്യൻ കപ്പലിൽ ജീവനക്കാരനായിരുന്ന രാജേഷ് ആറ് മാസം മുമ്പ് തിരിച്ചെത്തി, കുറച്ചു കാലം ഒറീസയിൽ ജോലി ചെയ്തു. രണ്ടു മാസമായി നാട്ടിലുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടമായി. വിവിധ തൊഴിലുകൾ ചെയ്താണ് ജീവിച്ചത്. ഏക സഹോദരി രേഷ്മയെ വിവാഹം ചെയ്തയച്ച ശേഷമാണ് മലേഷ്യയ്ക്ക് പോയത്. അവിവാഹിതനായ രാജേഷ് പത്തനാപുരത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വീട്ടിൽ കൊണ്ടുവരും.