ഗുണമേന്മയുള്ള വിദ്യാഭ്യാസം; അധ്യാപകർ വീട്ടിലെത്തി പരിശീലിപ്പിക്കും

തിരുവനന്തപുരം : പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകാൻ അധ്യാപകർ വീട്ടിലെത്തും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക മൂല്യനിർണയത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. വാർഷിക പരീക്ഷാ മൂല്യനിർണയത്തിൽ എട്ടുവരെ ക്ലാസിൽ ഇ ഗ്രേഡും ഒമ്പതിൽ ഡി, ഇ ഗ്രേഡുകളും നേടിയവർക്കാണ് പ്രത്യേക പഠനപിന്തുണ നൽകുന്നത്.
നിലവിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസുവരെ എല്ലാവർക്കും ക്ലാസ് കയറ്റം ലഭിക്കും. ഈ രീതിയിൽ ചില കുട്ടികൾ ശേഷികൾ ആർജിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക പരിഗണന നൽകുന്നത്. സ്കൂളിലെ ഒരു ടീച്ചർക്കാകും ചുമതല. പഠനപിന്തുണ ആവശ്യമുള്ളവർക്ക് അതതു വർഷത്തെ പാഠഭാഗം നിർദേശിച്ച് തുടർപ്രവർത്തനങ്ങൾ അധ്യാപകർ ഏറ്റെടുക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ ആഴ്ചയിലൊരിക്കൽ പ്രത്യേക ക്ലാസ് നൽകും.
കുട്ടികൾക്ക് ഇവ പ്രയോജനകരമായോ എന്നത് അടുത്തഘട്ടമായി വിലയിരുത്തും. മെയ് പകുതിയോടെ ഇവ പ്രധാനാധ്യാപകർ വിലയിരുത്തി വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്തും. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ വകുപ്പുതല നിരീക്ഷണവും നടത്തും.
സമഗ്രപദ്ധതി രൂപരേഖയുടെ കരട് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിന് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ പത്ത് വരെ അഭിപ്രായം അറിയിക്കാം. തുടർ നടപടികൾക്കു ശേഷം ഉത്തരവ് പ്രസിദ്ധീകരിക്കും.