Connect with us

PERAVOOR

കണ്ണൂർ പേരാവൂരിൽ വാഹനാപകടത്തിൽ ഖത്തീബ് മരിച്ചു

Published

on

Share our post

പേരാവൂർ(കണ്ണൂർ) : തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (34) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോ ടാക്സിയുമായി കൂട്ടിയിടിച്ചാണ് അപകടം.

വേങ്ങാട് ഊർപ്പള്ളിയിലെ ഭാര്യ വീട്ടിൽ നിന്ന് മുരിങ്ങോടിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. മട്ടന്നൂരിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന ദമ്പതികൾക്കും പരിക്കേറ്റിട്ടുണ്ട്.

കണ്ണൂർ ചെറുകുന്ന് മാക്കുന്ന് സ്വദേശിയായ മുസമ്മിൽ ഇർഫാനി കണ്ണാടിപ്പറമ്പ് ജുമാ മസ്ജിദിലാണ് ആദ്യം ഖത്തീബായി ജോലിയിൽ പ്രവേശിച്ചത്.2022 മുതൽ മുരിങ്ങോടി മഹല്ലിൽ ഖത്തീബാണ്. മാക്കുന്ന് ദാറുൽ അബ്റാറിൽ ഇബ്രാഹിം മുസ്ലിയാരുടെ മകനാണ്. മാതാവ്: ആയിഷ.ഭാര്യ: ഖദീജ(ഊർപ്പള്ളി). മകൻ: മുജ്ത്തബ(രണ്ടു വയസ്). സഹോദരങ്ങൾ: മഷൂദ്, മുബഷിർ, മുഹ്സിൻ. കബറടക്കം പിന്നീട്.


Share our post

PERAVOOR

വിമാനത്താവളം റോഡ്; കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണമെന്ന് വിദഗ്ദ സമിതി

Published

on

Share our post

പേരാവൂർ : മാനന്തവാടി -കൊട്ടിയൂർ -പേരാവൂർ-മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരിയായി വികസിപ്പിക്കുമ്പോൾ ജനങ്ങൾ മുന്നോട്ടുവെക്കുന്ന ബദൽ നിർ ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള വിദഗ്‌ധസമിതിയുടെ ശുപാർശയിലാണ് ഇക്കാര്യം പറയുന്നത്.

സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്ന ഭൂവുടമകളും കെട്ടിട ഉടമകളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ അർഥത്തിലും സഹകരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. അതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങളും ഗ്രാമപ്പഞ്ചായത്തുകളും നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഇത് പദ്ധതി യാഥാർഥ്യമാകുന്നതിൽ കാലതാമസമുണ്ടാക്കും.

പരിഹാരം നൽകാനുള്ള നടപടികളും ആവശ്യമാണെങ്കിൽ പുനരധിവാസ സംവിധാനങ്ങളും സജ്ജീകരിച്ച ശേഷമേ നിർമാണ പ്രവൃത്തികൾ നടപ്പാക്കാവൂവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പുനരധിവാസ പ്രവർത്തനവിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും അടങ്ങുന്നതാണ് ഡോ. സുനിൽകുമാർ യെമ്മൻ ചെയർമാനായ സമിതി. കളക്ടർക്കാണ് സമിതിയുടെ ശുപാർശകൾ കൈമാറിയത്.

ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 84.906 ഹെക്ടർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. 2568 കൈവശ ഭൂമികളെയാണ് ഏറ്റെടുക്കൽ ബാധിക്കുക. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഭൂമി സംരക്ഷിക്കാനായി മേൽപ്പാല നിർമാണം ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കണം. കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണം, നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കിയേ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാവൂവെന്നും റിപ്പോർട്ടിൽ പറയുന്നു.


Share our post
Continue Reading

PERAVOOR

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണമഹരിച്ച മോഷ്ടാവ് അറസ്റ്റിൽ

Published

on

Share our post

പേരാവൂർ : മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലും കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. ആലക്കോട് പൂവൻചാൽ പുതുശേരി വീട്ടിൽ ഷിജുവാണ് (40) അറസ്റ്റിലായത്. ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ മോഷണദൃശ്യങ്ങളാണ് പ്രതിയെ പെട്ടെന്ന് പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായത്. കഴിഞ്ഞ മാസം 25നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഷിജു പണം മോഷ്ടിച്ചത്. എസ്ഐ ടി.അബ്ദുൾ നാസർ, എ.എസ്. ഐ ബിജു വാകേരി, സീനിയർ സിപിഒ രാജേഷ് പുതുശേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സബ് ജയിലിലാക്കി.


Share our post
Continue Reading

PERAVOOR

പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

Published

on

Share our post

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.

മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.

പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!