പ്രീമിയം സബ്‌സ്‌ക്രിപ്ഷനെന്ന ടെലഗ്രാമിന്റെ വാഗ്ദാനം കെണിയാകുമോ; ഉപഭോക്താക്കള്‍ സൂക്ഷിക്കുക

Share our post

വലിയ സ്വകാര്യത നല്‍കുന്ന മെസേജിങ് പ്ലാറ്റ്‌ഫോം ആണ് ടെലഗ്രാം എന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ ടെലഗ്രാമിന് ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിലുള്ള വാട്‌സാപ്പിനേക്കാള്‍ മുന്നിലാണ് ടെലഗ്രാം. സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത അധിക സേവനങ്ങളാണ് ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ നല്‍കുന്നത്.

ഇപ്പോള്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് കമ്പനി. അടുത്തിടെ അവതരിപ്പിച്ച ‘പീര്‍ റ്റു പീര്‍ ലോഗിന്‍’ പ്രോഗ്രാമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഇതിന് അവസരം ലഭിക്കുക.

ഉപകാരത്തിന് പ്രത്യുപകാരം എന്ന നിലയിലാണ് കമ്പനി ഇതിലൂടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. ലോഗിന്‍ എസ്എംഎസ് കോഡുകള്‍ അയക്കുന്നതിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയാലാണ് പ്രത്യുപകാരമായി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.

നിങ്ങള്‍ ഈ പ്രോഗ്രാമിന്റെ ഭാഗമായാല്‍, ടെലഗ്രാമില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കുള്ള എസ്എംഎസ് ലോഗിന്‍ കോഡുകള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അയക്കുക. പരമാവധി 150 എസ്എംസുകള്‍ ഇങ്ങനെ അയക്കും. പകരമായി ഒരു മാസത്തെ പ്രീമീയം ഉപയോഗിക്കുന്നതിനുള്ള ഗിഫ്റ്റ് കോഡ് നിങ്ങള്‍ക്ക് നല്‍കും. നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ കോഡുകള്‍ എളുപ്പം ലഭിക്കുന്നതിന് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

കെണിയില്‍ വീണാല്‍ ഇത് എട്ടിന്റെ പണി !

ഒറ്റനോട്ടത്തില്‍ കാല്‍ കാശ് ചെലവില്ലാതെ ടെലഗ്രാമിന്റെ പ്രീമിയം വരിക്കാരാവാനുള്ള അവസരം തന്നെയാണിത്. എന്നാല്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒരു പൊതുസ്ഥലത്ത് എഴുതിവെക്കുന്നതിന് തുല്യമാവും ഇത്. കാരണം നിങ്ങള്‍ പ്രോഗ്രാമിന്റെ ഭാഗമായതിന് ശേഷം 150 എസ്എംഎസുകള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ടെലഗ്രാമില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന അപരിചിതരായ ആളുകള്‍ക്ക് അയക്കും. അതായത് ടെലഗ്രാമില്‍ അപരിചിതനായ ഒരാള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ ഫോണില്‍ ലോഗിന്‍ കോഡ് എസ്എംഎസ് ആയി ലഭിക്കുക നിങ്ങളുടെ നമ്പറില്‍ നിന്നാവും.

ഫോണ്‍ നമ്പര്‍ ഇത്തരത്തില്‍ പരസ്യമാക്കുന്നതിലുടെ ഉള്ള അപകടങ്ങളുടെ യാതൊരു ഉത്തരവാദിത്വവും ടെലഗ്രാം ഏറ്റെടുക്കില്ല. ഇക്കാര്യം കമ്പനി പോളിസി വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നുണ്ട്.

ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷന് വേണ്ടി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍. പിന്നീട് അപരിചിതരായ ആളുകളില്‍ നിന്നുള്ള ടെക്സ്റ്റുകള്‍ക്കും സ്പാം കോളുകള്‍ക്കും ഒരവസാനം ഉണ്ടാവില്ല. അതൊന്നും പ്രശ്‌നമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഇതിന്റെ ഭാഗമാവാം എന്ന് മാത്രം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!