ഉത്സവച്ചന്തകൾ വ്യാഴാഴ്ച മുതൽ

Share our post

തിരുവനന്തപുരം : ഉത്സവകാലത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ 28ന്‌ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാവുന്ന ചന്തകളുണ്ടാകും. ഏപ്രിൽ 13വരെ ചന്തകൾ പ്രവർത്തിക്കും. 

മുൻവർഷങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലായിരുന്നു സപ്ലൈകോ പീപ്പിൾസ്‌ ബസാറുകൾ തുടങ്ങിയിരുന്നത്‌. ഇത്തവണ ഓരോ താലൂക്കിലും ചന്തയുണ്ടാകും. താലൂക്കിലെ ഏറ്റവും അനുയോജ്യമായ സപ്ലൈകോ സൂപ്പർമാർക്കറ്റായിരിക്കും ഇതിനായി സജ്ജീകരിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭ്യമാകും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റത്തിൽ നിന്ന്‌ ജനങ്ങൾക്ക്‌ ആശ്വാസമേകും.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വിപണി ഇടപെടലിന്‌ 200 കോടി അനുവദിച്ചിരുന്നു. അതിനുമുമ്പ്‌ 80 കോടി രൂപയും നൽകി. ഈ തുകയുൾപ്പെടെ ഉപയോഗിച്ചാണ്‌ ചന്തകൾ സജ്ജമാക്കുന്നത്‌. ഈ വർഷം സർക്കാർ ചന്തകൾ നടത്തുന്നില്ലെന്ന പ്രചാരണം ചില മാധ്യമങ്ങൾ നടത്തിയിരുന്നു. ഇത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ സർക്കാർ ഇടപെടൽ.

മാർച്ചിൽ ആരംഭിച്ച ശബരി കെ-റൈസ്‌ വിതരണവും പുരോഗമിക്കുകയാണ്‌. സ്റ്റോക്ക്‌ തീരാറായതോടെ 7500 മെട്രിക്‌ ടൺ അരി സംഭരിക്കാൻ ഭക്ഷ്യവകുപ്പ്‌ നടപടി തുടങ്ങി. വിതരണം തുടങ്ങി രണ്ടാഴ്‌ച ആകുംമുമ്പ്‌ 10 ലക്ഷത്തിലധികം പേർക്ക്‌ കെ-റൈസ്‌ എത്തിക്കാൻ സംസ്ഥാന സർക്കാരിന്‌ കഴിഞ്ഞു. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമാണ്‌ വില. കാർഡൊന്നിന് അഞ്ച്‌ കിലോ അരി വാങ്ങാം. കിലോയ്ക്ക്‌ 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ്‌ 11.11 രൂപ കുറച്ച്‌ ജനങ്ങളിലേക്ക്‌ എത്തിക്കുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!