റാഗിങ് പരാതി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിന്‍റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തു. 2023-ലെ റാഗിങ്ങിന്റെ പേരിൽ ആന്റി റാഗിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേചെയ്തത്. ഇടക്കാല ഉത്തരവിലൂടെയാണ് രണ്ട് വിദ്യാർഥികളുടേയും സസ്പെൻഷൻ ഹൈക്കോടതി സ്റ്റേചെയ്തത്.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് 2023-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അമരേഷ് ബാലി, അജിത് എന്നീ വിദ്യാർഥികളൾക്കെതിരേ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. ഇതിനെ ചോദ്യംചെയ്ത് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം പഴയ സംഭവവുമായി ബന്ധപ്പെട്ട് തങ്ങളെയും സംസ്‌പെന്‍ഡ് ചെയ്തതിനെതിരേയായിരുന്നു വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക.