വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം; നടപടി കടുപ്പിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

Share our post

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്.

വാഹന നിര്‍മാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍.ടി. ഓഫീസില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാന്‍ സാധിക്കയുള്ളൂ.

ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാര്‍ജും വാഹനവിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേകവില ഈടാക്കുകയുമില്ല. മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

നിബന്ധനകള്‍

നമ്പര്‍പ്ലേറ്റ് ഒരുമില്ലീമീറ്റര്‍ കനമുള്ള അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയതും ടെസ്റ്റിങ് ഏജന്‍സി പാസാക്കിയതുമാവണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്.

വ്യാജപ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റര്‍ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമില്‍ നീലനിറത്തില്‍ അശോകചക്രമുണ്ട്. പ്ലേറ്റുകള്‍ക്ക് ചുരുങ്ങിയത് അഞ്ചുവര്‍ഷത്തിനിടയില്‍ നശിച്ചുപോകാതിരിക്കാനുള്ള ഗ്യാരന്റി ഉണ്ട്. ഇടതുഭാഗം താഴെ പത്തക്ക ലേസര്‍ ബ്രാന്‍ഡ് ഐഡന്റിഫിക്കേഷന്‍ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്.

പ്ലേറ്റില്‍ ഇടതുഭാഗത്ത് നടുവിലായി ഐ.എന്‍.ഡി. എന്ന് നീലക്കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

തേഡ് രജിസ്‌ട്രേഷന്‍ പ്ലേറ്റ്

ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കല്‍ രൂപത്തിലുള്ള 100ഃ60 മില്ലീമീറ്റര്‍ വലുപ്പത്തിലുള്ളതും ഇളക്കിമാറ്റാന്‍ ശ്രമിച്ചാല്‍ നശിച്ചുപോകുന്നതുമാണ് ഇവ. മുന്‍പിലെ വിന്‍ഡ് ഷീല്‍ഡിന്റെ ഉള്ളില്‍ ഇടതുമൂലയില്‍ ഒട്ടിക്കണം. രജിസ്റ്ററിങ് അതോരിറ്റിയുടെ പേര്, വാഹന നമ്പര്‍, ലേസര്‍ നമ്പര്‍, വാഹന രജിസ്‌ട്രേഷന്‍ തീയതി എന്നിവയാണിതില്‍ ഉള്ളത്. താഴെ വലതുമൂലയില്‍ 10ഃ10 മില്ലീമീറ്റര്‍ വലിപ്പത്തില്‍ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം വേണം. ഡീസല്‍ വാഹനത്തിന് സ്റ്റിക്കര്‍ കളര്‍ ഓറഞ്ചും പെട്രോള്‍/സി.എന്‍.ജി. വാഹനത്തിന് ഇളം നീലയും മറ്റുള്ളവയ്ക്ക് ഗ്രേ കളറുമായിരിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!