കണ്ണൂർ – തലശ്ശേരി റൂട്ടിൽ 27ന് ബസ് പണിമുടക്ക്

കണ്ണൂർ∙ ദേശീയപാതാ നിർമാണം പൂർത്തിയായാകുമ്പോൾ ഉണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ 27ന് പണിമുടക്കും. ദേശീയപാത പൂർത്തിയായാൽ കണ്ണൂർ – തോട്ടട – നടാൽ ഗേറ്റ് വഴി തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ മൂന്നര കിലോമീറ്റർ കണ്ണൂർ ഭാഗത്തക്കു തിരികെ സഞ്ചരിച്ച് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ട അവസ്ഥയാണുണ്ടാകുക.
ഈ പ്രശ്നം ദേശീയപാത അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും നിസ്സംഗതയിലാണെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോഓർഡിനേഷൻ കമ്മിറ്റി പരാതിപ്പെടുന്നു. നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.
കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. എം.രഘുനാഥൻ, പുരുഷോത്തമൻ, നാരായണൻ, അബ്ദുൽ സലാം, എം.പ്രഭാകരൻ, നിപുൺ നാരായണൻ, സി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.