ക്യൂ-നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്; കൂത്തുപറമ്പിൽ ഒരാൾ അറസ്റ്റിൽ

Share our post

കൂത്തുപറമ്പ്: ക്യൂ-നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി പി.എ. മുഹമ്മദ്‌ ജസീലാണ് അറസ്റ്റിലായത്. പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം ആൾക്കാരെയും 2019 ഡിസംബർ മാസം മുതലുള്ള കാലയളവിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യൂ-നെറ്റ് മാർക്കറ്റിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 61,48,500 രൂപ കൈക്കലാക്കുകയും വാഗ്ദാനം ചെയ്ത ജോലിയോ തുകയോ നൽകാതെ വഞ്ചിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കൂത്തുപറമ്പ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെന്റ് എ കാർ, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പടെ വിവിധ തരം ഉത്പന്നങ്ങൾ വിൽക്കുകയും ചെയ്യുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. വിവിധ കാലയളവിൽ നിക്ഷേപകന് നിക്ഷേപിക്കുന്ന സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും പണമോ വാഗ്ദാനം നൽകിയ ജോലിയോ കിട്ടാത്തതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ്‌ കെ.ടി, സി.പി.ഒ മഹേഷ്‌ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!