ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിന് ജാമ്യമില്ല, മാര്‍ച്ച് 28 വരെ കസ്റ്റഡിയില്‍

Share our post

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാര്‍ച്ച് 28 വരെ ഏഴ് ദിവസത്തെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. 3.30 മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അം​ഗീകരിച്ചത്. കനത്ത സുരക്ഷാസന്നാഹമാണ് കോടതി പരിസരത്തുള്ളത്.

മദ്യനയ അഴിമതി കേസിന്റെ മുഖ്യസൂത്രധാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് ഇ.ഡി. കോടതിയിൽ ആരോപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ട്. നയം രൂപീകരിക്കുന്നതിൽ അദ്ദേഹം നേരിട്ട് പങ്കാളിയായിരുന്നു. അനുകൂലമായ നയരൂപീകരണത്തിന് പ്രതിഫലമായി കെജ്‌രിവാൾ പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപീകരിച്ചത്. കോഴപ്പണം ​ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോ​ഗിച്ചതായും ഇ.ഡി. ആരോപിച്ചു.

അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ല. മാപ്പ് സാക്ഷികളെ വിശ്വസിക്കാനാകില്ല. ഇ.ഡി. പറയുന്ന വാദങ്ങൾ തമ്മിൽ ബന്ധമില്ല. വിശദമായി ചോദ്യം ചെയ്യണമെന്നത് കൊണ്ട് അറസ്റ്റ് ചെയ്യാൻ നിയമമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്‌രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇ.ഡി.യുടെ എട്ടംഗ സംഘം കെജ്‌രിവാളിന്റെ ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയിൽ എത്തിയത്. ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റുൾപ്പെടെയുള്ള നടപടികളിൽ നിന്നു സംരക്ഷണംതേടി കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു നടപടി. വ്യാഴാഴ്ച ചോദ്യംചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമൻസിനും കെജ്‌രിവാൾ ഹാജരായിരുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!