ദേശീയ പാര്‍ട്ടി പദവി; 11 തികഞ്ഞില്ലെങ്കില്‍ സി.പി.എം. പുറത്ത്

Share our post

തിരുവനന്തപുരം: ദേശീയപാര്‍ട്ടി പദവിക്കായി സി.പി.എമ്മിന്റെ ‘ഡു ഓര്‍ ഡൈ’ മത്സരമാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് ഔട്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്. ഫ്രീ ഹിറ്റുപോലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയതിനാലാണ് ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ‘മരണപ്പോരാണ്’.

കണക്കിലെ കളി ഇങ്ങനെ

നാലുസംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി അംഗീകാരം

ഒരു സംസ്ഥാനത്ത് പോള്‍ചെയ്ത വോട്ടില്‍ ആറുശതമാനം വിഹിതം, 25 എം.എല്‍.എ.മാര്‍ക്ക് ഒരു പാര്‍ലമെന്റ് അംഗം, ഈ രണ്ടിലേതെങ്കിലും ഒന്ന് നേടാനായാല്‍ സംസ്ഥാനപാര്‍ട്ടി പദവി നേടാം.

കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളില്‍ സി.പി.എമ്മിന് സംസ്ഥാനപാര്‍ട്ടി പദവിക്കുള്ള മാനദണ്ഡം പാലിക്കാനാകും. ത്രിപുരയില്‍ വോട്ടുവിഹിതവും തമിഴ്നാട്ടില്‍ എം.പി.സ്ഥാനവും ഉള്ളതുകൊണ്ടാണിത്. മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി ഈ ലക്ഷ്മണരേഖ കടക്കണം.

മൂന്നുസംസ്ഥാനങ്ങളില്‍ നിന്നായി 11 എം.പി.മാര്‍

മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 എം.പി.മാരെ കിട്ടാന്‍ കേരളത്തില്‍നിന്ന് സി.പി.എമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്‌നാട്ടില്‍ ഡി.എം.കെ. സഖ്യത്തില്‍ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്.

2019-ല്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച രണ്ടുസീറ്റിലും ജയിച്ചിരുന്നു. ഇത്തവണ അന്ന് ജയിച്ച മണ്ഡലങ്ങളിലൊന്ന് മാറി. കോയമ്പത്തൂരിനുപകരം ദിണ്ടിഗലിലാണ് മത്സരിക്കുന്നത്. ഈ രണ്ടുസീറ്റിലും ജയിച്ചാല്‍ രണ്ട് എം.പി.മാരെയാണ് സി.പി.എമ്മിനുകിട്ടുക. മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇന്ത്യസഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും.

രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു സീറ്റ് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാടിലാണ് സി.പി.എം. നേതൃത്വം. രാജസ്ഥാനില്‍ ഒരു സീറ്റ് ലഭിച്ചേക്കും. നിതീഷ് കുമാര്‍ ബി.ജെ.പി. പാളയത്തിലേക്ക് പോയതോടെ ബിഹാറില്‍ ബി.ജെ.പി.വിരുദ്ധ സഖ്യത്തില്‍ സി.പി.എമ്മിന് പരിഗണന ലഭിക്കാനിടയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!