ഇലക്ട്രിക് വാഹനരംഗത്തേക്ക് കരിയര്‍ മാറ്റി പിടിച്ചാലോ; ഐ.ഐ.ടി ഡല്‍ഹിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹിയില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ് ആന്‍ഡ് ചാര്‍ജിങ് ഇന്‍ഫ്രസ്ട്രക്ചറില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ചേരാന്‍ അവസരം. വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചു വരുന്ന സാധ്യത പരിഗണിച്ചാണ് ഇത്തരമൊരു കോഴ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വിജയകരമായി പൂര്‍ത്തിയാക്കിയ ഒന്നാം ബാച്ചിന് ശേഷം ഐ.ഐ.ടി ഡല്‍ഹി സംഘടിപ്പിക്കുന്ന രണ്ടാം ബാച്ചാണിത്. ഈ രംഗത്തെ നൈപുണ്യ വികസനമാണ് പ്രധാനമായും ഈ കോഴ്സ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഐ.ഐ.ടി ഡല്‍ഹി പുറത്തിറക്കിയ പത്ര പ്രസ്താവനയില്‍ പറയുന്നു.
അഞ്ച് മാസത്തെ 55 മണിക്കൂര്‍ ഓണ്‍ലൈന്‍ പ്രോഗ്രാമാണ് ഈ കോഴ്സ്. ഈ രംഗത്തെ പുതിയ ഉത്പനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മാറ്റങ്ങള്‍. ഇവയിലൂടെ ലഭിക്കുന്ന സുസ്ഥിരത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതാണ് ഈ കോഴ്സ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്
ജൂണ്‍ 15 മുതല്‍ നവംബര്‍ 16 വരെയാണ് കോഴ്സ് ദൈര്‍ഘ്യം. ഐ.ഐ.ടി ഡല്‍ഹിയിലെ അധ്യാപകരും ഈ മേഖലയിലെ വിദഗ്ദരുമാണ് കോഴ്സ് നയിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ 4.30 വരെയാണ് ക്ലാസുകള്‍.
യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബി.ഇ/ബി.ടെക്ക്/എം.ഇ/എം.ടെക്ക് അല്ലെങ്കില്‍ ബി.എസ്.സി/എം.എസ്.സി ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സിലുള്ള എന്‍ജിനീയറിങ് ഡിപ്ലോമ/ ബന്ധപ്പെട്ട മേഖലയിലെ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം. 1,82,900 രൂപയാണ് കോഴ്സ് ഫീസ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം:https://owncloud.iitd.ac.in/nextcloud/index.php/s/MJzoE9FdSnkjpnt