സഹകരണ സംഘം ഭരണ സമിതിയെ രജിസ്‌ട്രാർക്ക്‌ സസ്‌പെൻഡ്‌ ചെയ്യാം

Share our post

കൊച്ചി : ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണ സംഘം ഭരണ സമിതികളെ സസ്‌പെൻഡ്‌ ചെയ്യാൻ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ ഈ അധികാരം പ്രയോഗിക്കാം. സഹകരണ നിയമത്തിലും ചട്ടങ്ങളിലും സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയില്ല എന്നത്‌ ഇതിന് തടസ്സമല്ലെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്‌, സതീഷ്‌ നൈനാൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഫുൾ ബെഞ്ച് വ്യക്തമാക്കി. സംഘങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയായാലേ ഭരണസമിതി പിരിച്ചുവിടാവൂ എന്ന നിയമവ്യവസ്ഥ സസ്പെൻഷൻ നടപടികൾക്ക്‌ ബാധകമല്ലെന്നും വിധിച്ചു.

സസ്‌പെൻഡ് ചെയ്യാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തതിനാൽ, അന്വേഷണം പൂർത്തിയാക്കിയശേഷം ഗുരുതര വീഴ്ച കണ്ടെത്തിയാൽ ഭരണസമിതി പിരിച്ചുവിടാനേ നിയമം അനുശാസിക്കുന്നുള്ളൂ എന്ന് നേരത്തേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, അന്വേഷണവുമായി ഭരണസമിതി സഹകരിക്കാത്ത സാഹചര്യങ്ങളിൽ സസ്പെൻഷൻ നടപടിയാകാമെന്ന് മറ്റൊരു ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടു. ഒരേ വിഷയത്തിൽ രണ്ട് ഡിവിഷൻ ബെഞ്ചുകൾ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതോടെയാണ് നിയമപ്രശ്നം ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

ഭരണഘടനാ ഭേദഗതിയിലൂടെ സസ്പെൻഷൻ നടപടികൾ നിയമത്തിന്റെ ഭാഗമായെങ്കിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും ഭരണഘടനാ ഭേദഗതി റദ്ദാക്കിയത് ഭൂരിപക്ഷം നിയമസഭകളുടെ അംഗീകാരം ലഭിക്കാത്തതിനാലാണെന്നും സർക്കാർ വിശദീകരിച്ചു. സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ പി.പി. താജുദീൻ ഹാജരായി.

ഇടുക്കിയിലെ നെടുങ്കണ്ടം ഡീലേഴ്സ് സഹകരണസംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാറുടെ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. പിന്നീട് ഭരണ സമിതിയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച്‌ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി നിയമ പ്രശ്നം പരിഗണിക്കാൻ മൂന്നംഗ ഫുൾ ബെഞ്ചിന് അയക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!