അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ; ഡൽഹിയിൽ വന്‍ പ്രതിഷേധം, ജയിലിൽ നിന്ന് ഭരിക്കുമെന്ന് എ.എ.പി

Share our post

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അരവിന്ദ് കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കേജ്‌രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്‌രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!