വില ആറ് ലക്ഷത്തിലേറെ; മൂന്ന് വയസ്സുകാരന്റെ മരുന്നിന് ജി.എസ്.ടി ഒഴിവാക്കാൻ നിർദേശം

കൊച്ചി: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതനായ മൂന്നുവയസ്സുകാരന്റെ ചികിത്സയ്‌ക്കുള്ള മരുന്നിന് ജി.എസ്.ടി ഒഴിവാക്കാൻ വിതരണക്കാരോട് ഹൈക്കോടതി നിർദേശിച്ചു. സ്വിറ്റ്‌സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന റിസ്‌ഡിപ്ലാം എന്ന മരുന്നിന് ജി.എസ്.ടി ഒഴിവാക്കി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയായ മാവേലിക്കര സ്വദേശിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മരുന്നിന് 12 ശതമാനം ജി.എസ്.ടി ഉൾപ്പെടെ ആറുലക്ഷത്തിലേറെയാണ് വില. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്നും ജി.എസ്.ടി ഒഴിവാക്കി നൽകണമെന്നുമായിരുന്നു ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.