കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളില്‍ ആദ്യം പഠിപ്പിക്കുന്നത് ഹെവി വാഹനമോടിക്കാന്‍; കാറും ബൈക്കും പിന്നാലെ

Share our post

പൊതുജനങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി. തുറക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി 22 ബസുകള്‍ തയ്യാറാക്കി. ജീവനക്കാരില്‍നിന്ന് യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമര്‍പ്പിക്കുക. ബസ് ഉപയോഗിച്ച് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടിയശേഷം മറ്റു വാഹനങ്ങളും ഉള്‍ക്കൊള്ളിക്കാനാണ് പദ്ധതി.

22 സ്‌കൂളുകളിലേക്കും പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുക.

മാര്‍ച്ച് 30-നുള്ളില്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ ആരംഭിക്കണമെന്നും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും മോട്ടോര്‍വാഹനവകുപ്പില്‍ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാനും ഡിപ്പോ മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍തന്നെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാനും നിര്‍ദേശിച്ചിരുന്നു.

അതേസമയം, പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് മേധാവികള്‍ ഒരുക്കണം. ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ ഒരുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സിയെക്കൊണ്ട് ഗതാഗത വകുപ്പ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. ഏറ്റവും മിതമായ നിരക്കില്‍ നിലവാരമുള്ള ഡ്രൈവിങ്ങ് പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!