ഓൺലൈൻ ജോലി വാഗ്ദാനം; യുവതിക്ക് 1.10 ലക്ഷം നഷ്ടമായി

കണ്ണൂർ : ഓൺലൈൻ താത്കാലിക ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 1,10,547 രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ പാർട്ട് ടൈം ജോലിചെയ്ത് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് ധർമടം സ്വദേശിയായ യുവതി പണം നിക്ഷേപിച്ചത്. നിക്ഷേപത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. എന്നാൽ, നിക്ഷേപിച്ച പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പോലീസ് കേസെടുത്തു.
ലോണിന് അപേക്ഷിച്ച യുവതിക്ക് പണം നഷ്ടമായി
കണ്ണൂർ : വ്യാജ വെബ്‌സൈറ്റ് വഴി രണ്ടുലക്ഷം രൂപ ലോണിന് അപേക്ഷിച്ച കണ്ണാടിപ്പറമ്പ് സ്വദേശിയായ യുവതിക്ക് 46,522 രൂപ നഷ്ടമായി. പ്രോസസിങ് ഫീസ് നൽകണമെന്ന് യുവതിയോട് സംഘം ആവശ്യപ്പെട്ടു. തുടർന്ന് പണം അയച്ചുകൊടുത്തതോടെ ഇവർ മുങ്ങുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.