വിദേശ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

Share our post

ഏറ്റുമാനൂർ : വീട്ടമ്മക്ക്‌ കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി പത്ത് ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി ചെമ്പന്നൂർ ഭാഗത്ത് പറോക്കാരൻ വീട്ടിൽ ഡേവിസിനെയാണ് (67) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തെള്ളകം സ്വദേശിയുടെ ഭാര്യക്ക് കാനഡയിൽ കെയർടേക്കർ ജോലി ആറുമാസത്തിനുള്ളിൽ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇവരിൽനിന്നും പത്ത് ലക്ഷത്തില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കുന്നതിനായി ആദ്യം രണ്ടര ലക്ഷത്തോളം രൂപ മാത്രം മുടക്കിയാൽ മതിയെന്നും ബാക്കി തുക ജോലി ലഭിച്ചതിനുശേഷം നൽകിയാൽ മതിയെന്ന് പറയുകയും എന്നാൽ തുടർന്ന് ഇവരിൽ നിന്നും പലതവണകളായി വ്യാജമായി നിര്‍മിച്ച കാനഡയിലെ വർക്ക് പെർമിറ്റും മറ്റും കാണിച്ചും പണം തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷോജോ വർഗീസ്, എസ്.ഐ കെ. സൈജു, എ.എസ്.ഐ സജി, സി.പി.ഒ.മാരായ ഡെന്നി, അനീഷ്, കെ.പി.മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!