Connect with us

Kerala

വാഹനവായ്പ കെണിയാകരുത്; എടുക്കുന്നതിനു മുൻപ് ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുക

Published

on

Share our post

പലരും ഇഷ്ട മോഡൽ സ്വന്തമാക്കുന്നതിനു മുഴുവൻ പണം നൽകാതെ വാഹന‌വായ്പയെ ആശ്രയിക്കുന്നവരാണ്. വലിയൊരു തുക പെട്ടെന്നു കണ്ടെത്തേണ്ടതില്ല, മാസാമാസം തവണകളായി അടച്ചാൽമതി. വാഹനവിലയുടെ 90–95 ശതമാനംവരെ തുക നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാണ് എന്നതൊക്കെ വാഹന‌വായ്പയുടെ ആകർഷണമാണ്. ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉള്ളതിനാൽ ആകർഷകമായ പലിശ‌നിരക്കിൽ വായ്പ ലഭിക്കും. ഇലക്ട്രിക് കാർ ആണു വാങ്ങുന്നതെങ്കിൽ പലിശ അൽപം കുറയും.

ഏതു തരത്തിലുള്ള വാഹന‌വായ്പ ആണെങ്കിലും നിങ്ങളുടെ ബജറ്റിനെ ബാധിക്കാത്തതരത്തിലായിരിക്കണം. ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ നൽകാമെന്നു ബാങ്കുകൾ അവകാശപ്പെടുമെങ്കിലും അതു നിശ്ചയിക്കുന്നതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്.
വായ്പ എടുക്കുന്നതിനു മുൻപ് ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കുക

പുതിയ കാർവായ്പ എടുക്കുന്നതിനു മുൻപ് കാർ‌ ലോൺ എന്താണെന്നു മനസ്സിലാക്കുക. വാഹനവായ്പ‌തന്നെ പലതരത്തിലുണ്ട്.

ന്യൂ കാർ ലോൺ: പുതിയ കാർ വാങ്ങുന്നതിനുള്ള വായ്പയാണിത്. സാധാരണയായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഇതു നൽകുന്നുണ്ട്.

യൂസ്ഡ് കാർ ലോൺ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനുള്ള വായ്പയാണിത്. പുതിയ കാർ വായ്പയെക്കാൾ പലിശനിരക്കു കൂടുതലായിരിക്കും.

സെക്വേഡ് കാർ ലോൺ: എന്തെങ്കിലും ഗാരന്റിയുടെ പുറത്ത് അനുവദിക്കുന്ന വായ്പകളാണ് സെക്വേഡ് കാർ‌ലോൺ. അതു ചിലപ്പോൾ വാങ്ങുന്ന കാർ ആകാം അല്ലെങ്കിൽ ബാങ്കിലെ സ്ഥിര‌നിക്ഷേപമാകാം.

അൺസെക്വേഡ് കാർ ലോൺ: അത്ര സുരക്ഷിതമല്ലാത്ത വാഹനവായ്പകളാണ് അൺസെക്വേഡ് കാർ ലോൺ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സാധാരണ ബാങ്കുകൾ ഇത്തരം വായ്പകൾ അനുവദിക്കാറില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ഈ വായ്പകൾ നൽകുന്നത്. ഉയർന്ന പലിശനിരക്കായിരിക്കും ഇത്തരം വായ്പകൾക്ക്.

പ്രീ അപ്രൂവ്ഡ് കാർ‌ ലോൺ: ചില ബാങ്കുകൾ അവരുടെ വിശ്വസ്തരായ കസ്റ്റമേഴ്സിനു മുൻകൂറായി അനുവദിക്കുന്ന വായ്പയാണ് പ്രീ അപ്രൂവ്ഡ് കാർ ലോൺ. ഉപയോക്താവിനു കാര്യമായ നൂലാമാലകളില്ലാതെ ഈ വായ്പ പുതിയ കാർ വാങ്ങുമ്പോൾ പ്രയോജനപ്പെടുത്താം.

ഫിക്സഡ് വേണോ? ഫ്ലോട്ടിങ് വേണോ?

രണ്ടു രീതിയിൽ വായ്പകൾ അനുവദിക്കാറുണ്ട് ഫിക്സഡ് റേറ്റും ഫ്ലോട്ടിങ് റേറ്റും. ഫിക്സഡ് റേറ്റ് ആണെങ്കിൽ വായ്പ എടുക്കുന്ന മാസം മുതൽ അവസാനിക്കുന്ന മാസംവരെ ഒരേ പലിശനിരക്കായിരിക്കും. അതിനാൽ ഇഎംഐയിൽ വ്യത്യാസം വരുന്നില്ല. എന്നാൽ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിൽ പലിശ‌നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും. റിസർവ് ബാങ്ക് റിപ്പോ റേറ്റ് വർധിപ്പിച്ചാൽ പലിശ‌നിരക്കു കൂടും. കുറച്ചാൽ കുറയും. ഫിക്സഡ് റേറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലോട്ടിങ് റേറ്റിന്റെ പലിശ ചില സമയങ്ങളിൽ വളരെ കുറഞ്ഞിരിക്കും. ഹ്രസ്വ കാലയളവാണെങ്കിൽ ഫിക്സഡ് റേറ്റ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

കാലാവധി

സാധാരണയായി ബാങ്കുകൾ 5 മുതൽ 7വർഷംവരെ തിരിച്ചടവ് കാലാവധി അനുവദിക്കാറുണ്ട്. 7വർഷം ആണെങ്കിൽ വായ്പ വീട്ടാൻ കൂടുതൽ സമയം കിട്ടും. എന്നാൽ, ദീർഘകാല വായ്പകൾക്ക് ഉയർന്ന പലിശ നൽകണം. അതുവഴി കൂടുതൽ സാമ്പത്തികബാധ്യതയുമുണ്ടാവും. അതേസമയം, ഇഎംഐ കുറയും.

കാലാവധി കുറയുമ്പോൾ ഇഎംഐ തുക കൂടുതലായിരിക്കും. എന്നാൽ, പലിശയുൾപ്പെടെ തിരിച്ചടയ്ക്കുന്ന മൊത്തം തുക ദീർഘ കാലയളവിനെക്കാൾ കുറവായിരിക്കും. ഹ്രസ്വകാല വായ്പകളെ അപേക്ഷിച്ച് 50 ബേസിക് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശനിരക്കാണ് ദീർഘകാല വായ്പകളിൽ ഈടാക്കുന്നത്.

ഉദാഹരണത്തിന്, 9.5% പലിശനിരക്കിൽ 8 ലക്ഷം രൂപ വായ്പ എടുത്തെന്നിരിക്കട്ടെ. നാലു വർഷത്തേക്കാണെങ്കിൽ ഇ.എം.ഐ 20,099 രൂപയും എട്ടു വർഷത്തേക്കാണെങ്കിൽ 11,929 രൂപയുമാണ്. ദീർഘകാലത്തേക്കാണെങ്കിൽ പ്രതിമാസ ഇ.എം.ഐയിൽ പകുതിയോളം കുറവു ലഭിക്കും. എന്നാൽ 4 വർഷത്തേക്കുള്ള പലിശ 1.64 ലക്ഷം രൂപയാണ്. അതേസമയം 8 വർഷത്തേക്കാണെങ്കിൽ പലിശയായി 3.45 ലക്ഷം രൂപയാണ് അധികം അടയ്ക്കേണ്ടി‌വരിക. കഴിയുമെങ്കിൽ ഹ്രസ്വകാലയളവു തിരഞ്ഞെടുക്കുന്നതാണു നല്ലത്.

ഡിപ്രീസിയേഷൻ കണക്കിലെടുക്കണം

കാലം കഴിയുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുവരും. ഒരു കാറിന്റെ ശരാശരി ഉപയോഗ കാലയളവായി കണക്കാക്കുന്നത് 5 വർഷമാണ്. അതു കഴിഞ്ഞാൽ യൂസ്ഡ് കാറിന്റെ വിലയേ ലഭിക്കൂ. പലരും 5 വർഷം കഴിയുമ്പോൾ മോഡൽ മാറ്റാറുണ്ട്. ഒരുപക്ഷേ, അപ്പോഴും വായ്പ തീർന്നിട്ടുണ്ടാകില്ല. കാർ വിറ്റശേഷവും കുടിശികയുള്ള വായ്പ അടയ്ക്കേണ്ടിവരും.

വാഹന‌വായ്പ ബാധ്യതയാകുന്നതെപ്പോൾ?

ഏതു വായ്പയായാലും എടുക്കുന്നതിനു മുൻപ് വരുംവരായ്കകൾ അറിഞ്ഞിരിക്കുക. എല്ലാ മാസവും കൃത്യമായി തിരിച്ചടയ്ക്കാൻ ശേഷിയുണ്ടെങ്കിൽ മാത്രം വായ്പയെ ആശ്രയിച്ചാൽ മതി. പറഞ്ഞ തീയതിക്കു മുൻപുതന്നെ ഇഎംഐ അടയ്ക്കണം. തിരിച്ചടവു മുടങ്ങിയാൽ പിഴ നൽകേണ്ടിവരും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയും. ഇതു ഭാവിയിൽ ബാങ്കിനെ ആശ്രയിക്കുമ്പോൾ തിരിച്ചടിയായേക്കാം.

സർവീസ്

പുതിയ കാറാണെങ്കിൽ ആദ്യ മൂന്നു സർവീസ് സൗജന്യമായിരിക്കും. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണി വന്നാൽ നല്ലൊരു തുക ചെലവാകും. ഇതുകൂടി കണക്കിലെടുത്തുവേണം വായ്പാതുക തീരുമാനിക്കാൻ.

പലിശ‌നിരക്ക്

വാഹന‌വായ്പ നൽകാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒട്ടേറെ ഓഫറുകൾ ഉപയോക്താക്കൾക്കു കൊടുക്കാറുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽനിന്നു മാത്രം വായ്പയെടുക്കുക. പ്രധാന ബാങ്കുകളുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യുക. പ്രത്യക്ഷത്തിൽ പലിശ കുറഞ്ഞതുകൊണ്ടായില്ല. പ്രോസസിങ് ചാർജ്, ഹിഡൻ ചാർജുകൾ എന്നിവയുണ്ടോയെന്നു നോക്കുക.

ക്രെഡിറ്റ് സ്കോർ

മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മികച്ച പലിശ‌നിരക്കിൽ വായ്പ ലഭിക്കും. അമിതമായ പല ചാർജുകൾ എഴുതിത്തള്ളാനും ബാങ്കുമായി വിലപേശാം. സ്കോർ കുറവാണെങ്കിൽ പലിശ‌നിരക്ക് കൂടുതലായേക്കാം. നിങ്ങൾ സ്ഥിരമായി ഇടപാട് നടത്തുന്ന ബാങ്ക് ആണെങ്കിൽ, അവരുടെ ഗുഡ് കസ്റ്റമർ ലിസ്റ്റിൽ ഉണ്ടെങ്കിൽ നിരക്കിളവു ലഭിക്കും. വായ്പയെടുക്കുന്ന വ്യക്തിയുടെ ജോലി, തിരിച്ചടവുശേഷി എന്നിവയും പലിശ‌നിരക്കു നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കാറുണ്ട്. സ്വകാര്യ ബാങ്കുകളാണെങ്കിൽ 90-95% വരെ വായ്പ അനുവദിക്കാറുണ്ട്. പൊതുമേഖലാ ബാങ്കുകൾ സാധാരണയായി 80% വരെയേ നൽകാറുള്ളൂ. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കാൻ ബാങ്കിന് അധികാരമുണ്ട്. ചില ഡീലർഷിപ്പുകൾ ബാങ്ക് അല്ലാത്ത ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പാസൗകര്യം ഏർപ്പെടുത്താറുണ്ട്. ഫിക്സഡ് റേറ്റിൽ ബാങ്കുകളെക്കാൾ ഉയർന്ന പലിശ അവർ ഈടാക്കിയേക്കാം. അത്തരം വായ്പകൾ എടുക്കുന്നതിനു മുൻപ് വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കുക.

സീറോ ഡൗൺപേയ്മെന്റ് കെണി

ഇതിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വാഹനത്തിന്റെ മുഴുവൻ തുകയും വായ്പയായി അനുവദിക്കുകയാണെങ്കിൽ വൻ തുക ഉയർന്ന പലിശനിരക്കിൽ തിരിച്ചടയ്ക്കേണ്ടിവരും. വലിയ ബാധ്യതയിലേക്ക് ഇതു നയിക്കും. അതിനാൽ വാഹന‌വിലയുടെ ഒരു ഭാഗം ഉപയോക്താവുതന്നെ വഹിക്കുന്നതാണു നല്ലത്. ബാങ്ക് അല്ലാത്ത ഇതര ധനകാര്യ സ്ഥാപനങ്ങളും വാഹന‌വായ്പ നൽകാറുണ്ട്.

വായ്പ മുൻകൂട്ടി തിരിച്ചടച്ചാൽ പിഴ നൽകണോ?

അഞ്ചു വർഷത്തെ കാലാവധിയിൽ വാഹന‌വായ്പ എടുത്തെന്നിരിക്കട്ടെ. രണ്ടു വർഷം കഴിഞ്ഞപ്പോൾ വായ്പ മുഴുവൻ തിരിച്ചടച്ചാൽ ചില ബാങ്കുകൾ പിഴ ചുമത്താറുണ്ട്. വായ്പ എടുക്കുന്നതിനുമുൻപ്, തുക മുൻകൂറായി തിരിച്ചടച്ചാൽ പ്രീ പേയ്മെന്റ് ചാർജ് ഈടാക്കുന്നുണ്ടോ എന്നു മനസ്സിലാക്കുക. ആർ.ബി.ഐ

നിയമപ്രകാരം, ബിസിനസ് ആവശ്യങ്ങൾക്ക് അല്ലാത്ത വ്യക്തിഗത വായ്പകൾക്ക് ഫ്ലോട്ടിങ് റേറ്റിന് ഫോർ‌ക്ലോഷർ ചാർജ് ഈടാക്കാൻ പാടില്ല. ചില ബാങ്കുകൾ ഫിക്സഡ് റേറ്റിലാകും വായ്പ നൽകുക. ഒരു വർഷത്തിനുള്ളിൽ വായ്പ അടച്ചുതീർത്താൽ തുകയുടെ 2% വരെ (ജിഎസ്ടി ഉൾപ്പെടെ) നിരക്കിൽ ഫോർക്ലോഷർ ചാർജ് ഈടാക്കിയേക്കും.

ആക്സസറീസ് വേണോ?

പുതിയ കാർ വാങ്ങിയാൽ മിക്കവരും പലതരം ആക്സസറികൾ ഫിറ്റ് ചെയ്യാറുണ്ട്. ഇത് അധിക ബാധ്യതയാണ്. ആക്സസറീസ് ഫിറ്റ് ചെയ്യുന്നതിനു മുൻപ് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക:

1. ടയർ‌സൈസ്, വീൽസൈസ് അപ്‌ഗ്രേഡ്, ബംപർ, അനുവദനീയമായ പരിധിയിലും കൂടുതൽ വാട്സ് ഉള്ള ഹെഡ്‌ലൈറ്റ്, ഉയർന്ന ഡെസിബലോടുകൂടിയ ഹോൺ, ക്യാമറ തുടങ്ങിയവ ഘടിപ്പിച്ചാൽ വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിന്റെ പിടി‌വീഴാം.

2. വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റം മാറ്റുന്നത് ഉദ്യോഗസ്ഥർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അവനവനുതന്നെ വിനയാകും. കഴിഞ്ഞ വർഷം ആറിടങ്ങളിൽ, ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു നശിച്ചതിന്റെ പ്രധാന കാരണം വാഹന രൂപമാറ്റമാണെന്ന് സർക്കാർ നിയോഗിച്ച പഠന‌സമിതി കണ്ടെത്തിയിരുന്നു. കൂടിയ വാട്സിൽ ലൈറ്റുകൾ പിടിപ്പിച്ച് ഗേജ് കുറഞ്ഞ വയറിങ് ഉപയോഗിക്കുന്നത് തീപിടിത്തത്തിനു കാരണമാകും. രൂപമാറ്റം‌മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപ്പെടാം.

ഹൈപ്പോത്തിക്കേഷൻ ഓൺലൈനായി മാറ്റാം

വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ മാറ്റുന്നതിന് വണ്ടി റജിസ്റ്റർ ചെയ്തിരിക്കുന്ന ആർടി ഓഫിസിലാണ് അപേക്ഷ കൊടുക്കേണ്ടത്. ഇത് പരിവഹൻ സൈറ്റ് വഴി ചെയ്യാം. അപേക്ഷയോടൊപ്പം വായ്പാബാധ്യത തീർന്നതിന്റെ ബാങ്കിൽ ധനകാര്യ സ്ഥാപനത്തിൽനിന്നുള്ള ഫോം 35, എൻഒസി, ആർസി ബുക്ക് എന്നിവയുടെ കോപ്പികൾ അപ്‌ലോഡ് ചെയ്യുക. ഓൺലൈനായി ഫീസ് അടയ്ക്കുക. ആർസി ബുക്ക് നേരിട്ട് ഹാജരാക്കേണ്ടതില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിച്ചശേഷം അപ്രൂവ് ചെയ്താൽ പുതിയ ആർസി ബുക്ക് റജിസ്റ്റേഡ് പോസ്റ്റിൽ വീട്ടിലെത്തും. ആർടി ഓഫിസ് സേവനങ്ങൾ ആധാർ അധിഷ്ഠിതമായതിനാൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാത്രമേ നൽകാവൂ.

10 ലക്ഷം എഫ്ഡി ഉണ്ട് ഫുൾ ക്യാഷ് കൊടുക്കണോ? അതോ, വായ്പ എടുക്കണോ?

പത്തുലക്ഷം രൂപയുടെ കാർ വാങ്ങണം. റെഡി ക്യാഷ് കൊടുത്ത് എടുക്കണോ? അതോ, വായ്പയെ ആശ്രയിക്കണോ? ‌പലർക്കും ഉണ്ടാകുന്ന സംശയമാണിത്. പല രീതിയിൽ ഉത്തരം നൽകാം:

ഒന്നാമത്തേത്

നിങ്ങൾ ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ വാഹന വായ്പയെടുക്കുന്നതാണു നല്ലത്. വായ്പയുടെ പലിശ നിങ്ങളുടെ ബാലൻസ്‌ഷീറ്റിൽ ചെലവിനത്തിൽ ഉൾപ്പെടുത്താം. വരുമാനത്തിൽനിന്ന് അതു കുറയും. നികുതി അത്രയും കുറച്ചു കൊടുത്താൽ മതി.

രണ്ടാമത്തേത്

സ്ഥിരനിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വായ്പയെടുക്കുക. സ്ഥിരനിക്ഷേപത്തിന്റെ 90% വരെ വായ്പ ലഭിക്കും. സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയുടെ 1% മുതൽ 2% വരെ വായ്പയ്ക്ക് അധികം നൽകണമെന്നു മാത്രം.

ഇങ്ങനെ ചെയ്യുമ്പോൾ വായ്പയ്ക്കുള്ള പ്രോസസിങ് ചാർജ് ഇല്ല. വണ്ടി ബാങ്കിന് ഈട് നൽകേണ്ടതില്ല. വണ്ടിയുടെ ആർസി ബുക്കിൽ ബാധ്യതയുള്ള കാര്യം രേഖപ്പെടുത്തില്ല. സിബിൽ സ്കോർ നോക്കേണ്ട. വേണമെങ്കിൽ വായ്പാ കാലാവധി പൂർത്തിയാവും‌മുൻപേ പണം അടച്ച് ക്ലോസ് ചെയ്യാം. അതിനു പെനൽറ്റി വരുന്നില്ല. എപ്പോൾ വേണമെങ്കിലും വണ്ടി വിൽക്കാം. ശ്രദ്ധിക്കേണ്ട കാര്യം വായ്പ അടഞ്ഞു‌തീരും‌വരെ സ്ഥിരനിക്ഷേപം പിൻവലിക്കാനാകില്ല. അല്ലെങ്കിൽ ബാങ്ക് ബാധ്യത തീർത്ത് ബാക്കിയുള്ള തുക മാത്രം കിട്ടും.
മൂന്നാമത്തേത്

വാഹന‌വായ്പ അതേ ബാങ്കിൽനിന്നു‌തന്നെ എടുക്കുക. സ്ഥിര‌നിക്ഷേപത്തിന് 6.5%–7.5% വരെ പലിശ കിട്ടുന്നുണ്ട്. മുതിർന്ന പൗരനാണെങ്കിൽ അര ശതമാനം കൂടുതലും കിട്ടും. വാഹന‌വായ്പയ്ക്ക് 8.5% മുതൽ മുകളിലേക്കു പലിശ വരും. അതായത് എഫ്ഡി പലിശയെക്കാൾ 2% കൂടുതൽ. മാസം തോറുമുള്ള വായ്പാ തിരിച്ചടവ് സ്ഥിരനിക്ഷേപ പലിശയിൽ നിന്നു തനിയെ നടന്നോളും. അധികം വേണ്ട തുക മാത്രം കണ്ടെത്തിയാൽ മതി.

വാഹനവായ്പാ തുകയെക്കാൾ കൂടുതൽ തുകയ്ക്കു സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതിന്റെ പലിശയിൽനിന്നുതന്നെ മാസത്തവണ അടയുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും സ്ഥിരനിക്ഷേപം പിൻവലിക്കാം. വായ്പാ പലിശ മാസം‌തോറും കൊടുക്കാൻ വേറേ വഴി കണ്ടെത്തണമെന്നു മാത്രം. മറ്റു നടപടി‌ക്രമങ്ങളെല്ലാം (സിബിൽ സ്കോർ, ഹൈപ്പോത്തിക്കേഷൻ, പ്രോസസിങ് ഫീസ് തുടങ്ങിയവ) ഈ വായ്പയ്ക്കും വേണ്ടി‌വരും. ഏതു രീതിയിലായാലും എഫ്ഡി ബാങ്കിൽ സുരക്ഷിതമായിരിക്കും.


Share our post

Kerala

കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു.കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.


Share our post
Continue Reading

Kerala

വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍

Published

on

Share our post

തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ പൂവിട്ട പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.ചത്ത പശുക്കളെയും പരിശോധിച്ചു. ചൈന ബസാറിലെ ക്ഷീര കര്‍ഷകനായ രവിയുടെ നാലു പശുക്കളാണ് ചത്തത്. പശുക്കളുടെ പോസ്റ്റ്‍മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു


Share our post
Continue Reading

Trending

error: Content is protected !!