അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്തുന്ന അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ബാലനീതി നിയമ പ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് അപേക്ഷിക്കാം. കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി അപേക്ഷ നല്‍കണം. മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്കും അവസരം ഒരുക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്ബായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാം നില, റൂം നമ്പര്‍-എസ്-സിക്സ്, തലശ്ശേരി-670104 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0490 2967199, 9446405546